നിരത്തിലെ പഴയ രാജാവിന് ഒരു കൂട്ടായ്മ; ആംബ്റോക്സ്: അപൂർവ്വം

കോട്ടയം ജില്ലയിലെ അംബാസഡര്‍ കാറുടമകളെ കൂട്ടിയിണക്കുകയാണ് ആംബ്റോക്സ് എന്ന വാട്സപ്പ് കൂട്ടായ്മ. നാല് പേര് ചേര്‍ന്ന് തുടങ്ങിയ ഗ്രൂപ്പില്‍ ഇപ്പോള്‍ അംഗങ്ങള്‍ അന്‍പത് കടന്നു. പഴമയുടെ പെരുമ നിറയുന്ന അംബാസഡര്‍ കാറുകളെ സ്നേഹിക്കുക മാത്രമല്ല പൊന്നുപോലെ നോക്കുന്നവരുമാണ് കൂട്ടായ്മയിലെ അംഗങ്ങള്‍.  

രാജകീയം, ഒരുകാലത്ത് നിരത്തില്‍ പാഞ്ഞു നടന്ന അംബാസഡര്‍ കാറുകളെ വിശേഷിപ്പിക്കാന്‍ മറ്റൊരുവാക്കില്ല. പഴമയുടെ പെരുമയും പ്രൗഡിയുമായി അങ്ങിങ് അവ ഇന്നും പാഞ്ഞ് നടക്കുന്നുണ്ട്. കോട്ടയം ജില്ലയുടെ മുക്കിലും മൂലയിലും പാഞ്ഞുനടന്ന അംബാസഡര്‍ കാറുകളെ പിടിച്ചുക്കെട്ടി കൊണ്ടുവന്നിരിക്കുകയാണ് ആംബ്റോക്സ് എന്ന കൂട്ടായ്മ. 

1958ല്‍ ഇറങ്ങിയ ലാന്‍ഡ്മാസ്റ്ററില്‍ തുടങ്ങി 2014ല്‍ പുറത്തിറങ്ങിയ മുഖം മിനുക്കിയ അംബാസഡറുമുണ്ട് കൂട്ടത്തില്‍. എന്താണ് അംബാസഡറിന് ഇത്ര പ്രത്യേക എന്ന് ചിന്തിക്കുന്നവര്‍ക്കും ഇവിടെ മറുപടിയുണ്ട്. 

സംസ്ഥാനത്തെ മുഴുവന്‍ അംബാസ‍ഡര്‍ ഉടമകളെയും ഒന്നിപ്പിക്കുകയാണ് ആംബ്റോക്സിന്‍റെ ലക്ഷ്യം. ആരൊക്കെ വന്നാലും അംബാസഡര്‍ അന്നും ഇന്നും രാജാവാണ്. ഒരേ ഒരു രാജാവ്.