വന്നത് ഭയത്തോടെ, മടക്കം പുത്തൻ പാഠങ്ങളുമായി: നിപക്കാലം: വിഡിയോ

നിപ്പയുടെ രണ്ടാം വരവ് നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ തയാറെടുപ്പുകള്‍ ഏറെ പ്രശംസനീയമെന്ന് പൂണെ വൈറോളജി ഇന്‍സ്റ്ററ്റ്യൂട്ടില്‍ നിന്നെത്തിയ വിദഗ്ധ സംഘം. കോഴിക്കോട് നിപ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന എന്‍ഐഐവിയിലെ ശാസ്ത്രജ്ഞ ഡോ റിമ സഹായുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ്  കളമശേരി മെഡിക്കല്‍ കോളജില്‍ എന്‍ഐവി തുടങ്ങിയ താല്‍ക്കാലിക ലാബില്‍ രാപ്പകല്‍ ഭേദമന്യേ പ്രവര്‍ത്തിച്ചത്. ഇതിനൊപ്പം ആരോഗ്യവകുപ്പിലെ രണ്ടായിരത്തോളം വരുന്ന ജീവനക്കാര്‍ക്ക് പരശീലനം കൂടി നല്‍കിയാണ് ഇവര്‍ കൊച്ചിയില്‍ നിന്ന് മടങ്ങിയത്.

എബോള വൈറസ് ആഫ്രിക്കയിലെ ഘാനയില്‍ പടര്‍ന്ന് പിടിച്ചപ്പോള്‍ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായ്  ഇന്ത്യയില്‍ നിന്ന് പോയ വിദഗ്ധ സംഘത്തിലെ പ്രതിനിധിയായിരുന്നു 

പുണെ എന്‍ഐവിയിലെ ശാസ്ത്രജ്ഞയായ ഡോ റിമ സഹായ് . ആ അനുഭവം മുതല്‍ക്കൂട്ടാക്കിയാണ് കഴിഞ്ഞ നിപ കാലത്ത് കോഴിക്കോട്ടെ നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും. ഒരു വര്‍ഷത്തിനകം കേരളത്തില്‍ വീണ്ടും നിപ എത്തിയപ്പോള്‍ അല്‍പം ആശങ്കയോടെയാണ് കൊച്ചിയിലെത്തിയത്. പക്ഷേ പ്രതീക്ഷിച്ചതിലും വലിയ സന്നാഹത്തോടെയാണ് കേരളം നിപയുടെ രണ്ടാം വരവിലെ നേരിട്ടതെന്നും ഇത് രാജ്യത്തിനാകെ മാതൃകയാണെന്നും ഡോ റിമ തുറന്ന് പറയുന്നു.

കളമശേരി മെഡിക്കല്‍ കോളജില്‍ എന്‍ഐവിയുടെ നേതൃത്വത്തില്‍ തുടങ്ങിയ താല്‍ക്കാലിക ലാബിന്റെ ചുമതലക്കാരിയായ റിമയ്ക്കൊപ്പമെത്തിയ സഹപ്രവര്‍ത്തകരായ ഡോ അനിതയ്ക്കും ടെക്നിക്കല്‍ അസിസ്റ്റന്റ് ത്രിപര്‍ണ മജുംദാറിനും കഴിഞ്ഞ ഏഴ് ദിനരാത്രങ്ങള്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞത് തന്നെയായിരുന്നു. നിപ സംശയിക്കുന്ന ഏകദേശം മുപ്പതോളം പേരുടെ സാമ്പിളകളാണ് മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ലാബില്‍ ഇവര്‍ പരിശോധിച്ചത്. പല പരിശോധനകളും പുലര്‍ച്ചെ വരെ നീണ്ടു. 

വിശ്രമമില്ലാത്ത ദിനരാത്രങ്ങള്‍ക്കൊടുവില്‍ രോഗ പ്രതിരോധ നിയന്ത്രണത്തിന്റെ പുത്തന്‍ അനുഭവപാഠങ്ങള്‍ കൂടി ഹൃദ്രിസ്ഥമാക്കിയാണ് ഇവര്‍ കൊച്ചിയില്‍ നിന്ന് പുണെയിലേക്ക് മടങ്ങിയതും.