വിജിലൻസ് പരിശോധന; ഹയർസെക്കണ്ടറി ആർഡിഡി ഓഫീസിൽ നിന്നും 97,000 രൂപ പിടികൂടി

മലപ്പുറത്തെ ഹയര്‍സെക്കണ്ടറി റീജിണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഒാഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത തൊണ്ണൂറ്റി ഏഴായിരം രൂപ പിടികൂടി. അഴിമതി സംശയിക്കുന്ന ഒട്ടേറെ രേഖകളും പിടിച്ചെടുത്തു. 

ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ അധ്യാപകര്‍ക്ക് നിയമനം ഉറപ്പിക്കാന്‍ ഹയര്‍സെക്കണ്ടറി മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഒാഫീസില്‍ കൈക്കൂലി നിര്‍ബന്ധമാണന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് പരിശോധന. ജൂനിയര്‍ സൂപ്രണ്ട് ശ്രീകുമാറിന്റെ കയ്യില്‍ നിന്നാണ് പണം കണ്ടെത്തിയത്. കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാനുണ്ടെന്നും എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ച തുകയാണന്നുമാണ് വിശദീകരണം. ഹയര്‍സെക്കണ്ടറി അധ്യാപക നിയമനം സ്ഥിരപ്പെടുത്തുന്നതിനായി ലഭിച്ച അപേക്ഷകള്‍ ഒരു വര്‍ഷത്തോളമായി ബോധപൂര്‍വം മാറ്റി വച്ചതായി പരിശോധനയില്‍ കണ്ടെത്തി. പല രേഖകളും വൈകിച്ചതിന്റെ തെളിവായി രേഖകള്‍ കണ്ടെടുത്തു.

പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ നിന്ന് രസീതില്ലാതെ എയ്ഡഡ് സ്കൂളുകള്‍ പണം വാങ്ങുന്നത് കണ്ടെത്താനായിരുന്ന ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ പരിശോധന. മാനേജ്മെന്റ് സീറ്റില്‍ പ്രവേശനത്തിന് ഇരുപത്തിഅയ്യായിരം രൂപയോളം സ്കൂളുകള്‍ കോഴ വാങ്ങുന്നതായും പരാതി ലഭിച്ചിരുന്നു.