അമ്മയുടെ ശമ്പളം കൊണ്ടാണ് ഞാൻ പഠിച്ചത്; യാത്രയയപ്പ് ചടങ്ങിൽ അനുപമ

അമ്മയ്ക്ക് ദേവസ്വത്തിൽ നിന്ന ലഭിച്ച ശമ്പളം കൊണ്ടാണ് പഠിച്ചതും വളർന്നതും.  ഇത് എക്കാലവും നന്ദിയോടെ സ്മരിക്കും. ഇന്നലെ അമ്മയുടെ വിരമിക്കൽ ചടങ്ങിൽ കലക്ടർ അനുപമ പറഞ്ഞ വാക്കുകളാണിത്. ദേവസ്വം അസി. എക്സി. എൻജിനീയർ പദവിയിൽ നിന്നു വിരമിച്ച ടി.വി. രമണിയുടെ യാത്രയയപ്പ് ചടങ്ങിൽ മുഖ്യാതിഥിയായത് ജില്ല കലക്ടറായ മകൾ ടി.വി. അനുപമയാണ്.

സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ തമ്മിലില്ലാത്ത ആത്മബന്ധം ദേവസ്വം ജീവനക്കാർക്കിടയിലുണ്ടെന്നും അത് നിലനിർത്താൻ ശ്രമിക്കണമെന്നും അനുപമ പറഞ്ഞു. ദേവസ്വത്തിലെ 12 ജീവനക്കാർക്കൊപ്പമാണ് ഇന്നലെ ടി.വി. രമണി വിരമിച്ചത്. അമ്മയെ പൊന്നാടയണിച്ച് ആദരിക്കാനുള്ള ദേവസ്വം ചെയർമാന്റെ ക്ഷണം മകൾ സ്നേഹപൂർവം നിരസിച്ചു. അനുപമയ്ക്ക് ഐഎഎസ് ലഭിച്ചപ്പോൾ ദേവസ്വം സ്വീകരണമൊരുക്കിയിരുന്നു. ദേവസ്വം കുറൂരമ്മ ഹാളിൽ യാത്രയയപ്പ് സമ്മേളനം ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ അധ്യക്ഷനായിരുന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളായ പി. ഗോപിനാഥൻ, എ.വി. പ്രശാന്ത്, എം. വിജയൻ എന്നിവർ പ്രസംഗിച്ചു.