വാട്സാപ്പ് സ്റ്റാറ്റസിലൂടെ നോവൽ വായിക്കാം; വ്യത്യസ്ത ശൈലിയിൽ വായന വളർത്തി അധ്യാപിക

ആദ്യകാല നോവലുകളിലെ ഓരോ അധ്യായങ്ങള്‍ വാട്സാപ്പ് സ്റ്റാറ്റസിലിട്ട് വായനശീലം വളര്‍ത്തുകയാണ് തൃശൂരിലെ മലയാളം അധ്യാപികയായ ഡോ.എം.ദിവ്യ. മൊബൈല്‍ ഫോണില്‍ കണ്ണുംനട്ടിരിക്കുന്ന പുതിയ തലമുറയെ വാട്സാപ്പ് സ്റ്റാറ്റസിന്റെ സഹായത്തോടെ വായന പരിശീലിപ്പിക്കുകയാണ് ഈ അധ്യാപിക. 

 തൃശൂര്‍ ഒല്ലൂര്‍  ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജിലെ മലയാളം അധ്യാപികയാണ് ഡോ.എം.ദിവ്യ. വായിച്ച നോവലുകളിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ വാട്സാപ്പ് സ്റ്റാറ്റസിലിട്ടതോടെയാണ് തുടക്കം. വിദ്യാര്‍ഥികളാണ് സ്റ്റാറ്റസ് വായിച്ച് നോവലിന്‍റെ മറ്റു ഭാഗങ്ങള്‍ ആദ്യം തിരക്കിയത്. വാട്സാപ്പ് സ്റ്റാറ്റസ് നിരീക്ഷിക്കുന്നവര്‍ നിരവധിയുണ്ട്. ഇങ്ങനെയുള്ള നിരവധി പേര്‍ സ്റ്റാറ്റസിലൂടെ നോവല്‍ വായിച്ചു തുടങ്ങി. അന്‍പതു വര്‍ഷം പഴക്കമുള്ള നോവലാണ് ആദ്യം പരിചയപ്പെടുത്തിയത്. മുപ്പത്തിനാല് അധ്യായങ്ങള്‍ വാട്സാപ്പ് സ്റ്റാറ്റസിലൂടെ അവതരിപ്പിച്ചു. സംഗതി ഹിറ്റായതോടെ നോവലുകള്‍ ദിവസവും അവതരിപ്പിച്ചു തുടങ്ങി. 

സ്വന്തം കവിതകളും കഥകളും വാട്സാപ്പ് സ്റ്റാറ്റസില്‍ ഇതുവരെ ഇട്ടിട്ടില്ല. പുസ്തകങ്ങള്‍ വാങ്ങിക്കാന്‍ കിട്ടാത്ത വളരെ പഴക്കംചെന്ന രസകരമായ നോവലുകളാണ് പരിചയപ്പെടുത്തുന്നത്. കൂടുതലും വിദ്യാര്‍ഥികളാണ് വായനക്കാര്‍. വരുംദിവസങ്ങളില്‍ കൂടുതല്‍ നോവലുകള്‍ അധ്യാപികയുടെ വാട്സാപ്പ് സ്റ്റാറ്റസില്‍ എത്തും.