കെവിന്‍ ഓർമയായിട്ട് ഒരു വർഷം; വീട്ടിലെ എല്ലാമായി നീനു; പ്രതികളുടെ ശിക്ഷ കാത്ത് കുടുംബം

കേരളത്തെ പിടിച്ചു കുലുക്കിയ കെവിൻ കൊലക്കേസ് നടന്നിട്ട് ഇന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നു. നീനുവെന്ന  പെ‍ണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരിലാണ് ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിനെ നീനുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായി പരിഗണിക്കപ്പെട്ട കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്. 

മെഴുകുതിരി നാളങ്ങൾക്കൊപ്പം അണയാതെ വാവച്ചിയുടെ ഓർമകളുമുണ്ട് നട്ടാശേരിയിലെ വീട്ടിൽ. വീട്ടുകാർക്കും സുഹൃത്തുക്കൾക്കും കെവിൻ വാവച്ചിയായിരുന്നു. 

മാന്നാനത്തെ ബന്ധു വീട്ടിൽ ഉറങ്ങിക്കിടന്ന കെവിനെ2018 മെയ് 27ന് പുലർച്ചെയാണ് അക്രമി സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. തെൻമല സ്വദേശി നീനുവിനെ വിവാഹം ചെയ്തതിന്റെ പേരിൽ നീനുവിന്റെ സഹോദരൻ സാനുവിന്റെ നേതൃത്വത്തിലാണ് കൃത്യം ചെയ്തത്. നീനുവിന്റെ പിതാവ് ചാക്കോ ഉൾപ്പെടെ 14 പേരാണ് കേസിൽ വിചാരണ നേരിടുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

കെവിന്റെ കൈപിടിച്ചെത്തിയ നീനുവാണ് ഇപ്പോൾ ഈ വീടിന്റെ എല്ലാം. കെവിന്റെ മാതാപിതാക്കൾ നീനുവിനെ സ്വന്തം മകളായി ഏറ്റെടുത്തു. ഡിഗ്രി പഠനം പൂർത്തിയാക്കിയ നീനു ഉന്നത വിദ്യാഭ്യാസത്തിനുള്ള തയ്യാറെടുപ്പിലാണ്. കെവിന്റെ ഓർമദിവസമായ ചൊവാഴ്ച പള്ളിയിലും, കല്ലറയിലും പ്രത്യേക പ്രാർഥനകൾ.