പെരിയ ടൗണില്‍ സിപിഎം പതാക നാട്ടാന്‍ ബേക്കല്‍ സിഐ; ദൃശ്യങ്ങൾ വൈറല്‍, വിവാദം

രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തോടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സ്ഥലമാണ് കാസര്‍കോട് ജില്ലയിലെ പെരിയ. അടുക്കിവച്ച രണ്ടു ടയറുകളാണ് പെരിയ ജംക്ഷനെ അടയാളപ്പെടുത്തുന്നത്. ടൗണില്‍ എതെങ്കിലും പാര്‍ട്ടികളുടെ പരിപാടി നടക്കുമ്പോള്‍ ഈ ടയറുകള്‍ക്ക് മുകളില്‍ അവരുടെ കൊടി ഉയരും. പരിപാടി കഴിയുന്നതോടെ കൊടി നീക്കം ചെയ്യുന്നതാണ് പതിവ്. കഴിഞ്ഞയാഴ്ച്ച കല്ല്യോട്ടുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിരോധ സംഗമത്തിന്റെ ഭാഗമായി തലേന്ന് രാത്രി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടയറുകള്‍ക്ക് മുകളില്‍ സംഘടനയുടെ പതാക സ്ഥാപിച്ചിരുന്നു. 

നേരം പുലര്‍ന്നപ്പോള്‍ ടയറുകള്‍ക്ക് മുകളില്‍ സിപിഎം പതാകയും പ്രത്യക്ഷപ്പെട്ടു. പരിപാടിക്കെത്തിയ പ്രവര്‍ത്തകരിലൊരാള്‍ ഈ പതാക പിഴുതെറിഞ്ഞതോടെ പൊലീസ് രംഗത്തെത്തി. പൊലീസും പ്രവര്‍ത്തകരും തമ്മിലുള്ള വാക്കേറ്റത്തിനിടെ പാതയോരത്തേയ്ക്ക് വലിച്ചെറിഞ്ഞ പതാക ബേക്കല്‍ സിഐ വി.വി. ലതീഷ് എടുത്തു കൊണ്ടുവരുന്നതിന്റെയും, പഴയ സ്ഥാനത്തു തന്നെ നാട്ടാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഘര്‍ഷാന്തരീക്ഷം ഉടലെടുത്തതോെട നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി. എന്നാല്‍ ഇതിനിടെ വേദിയുടെ സമീപത്തുണ്ടായിരുന്ന സിപിഎമ്മിന്റെ കൊടിമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടനയുടെ പതാക കെട്ടി. 

പിന്നീട് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് ഇടപെട്ട് പ്രവര്‍ത്തകരെ കൊണ്ട് തന്നെ കൊടി അഴിച്ചുമാറ്റിച്ചു. ഇ.കെ.നയനാര്‍ ദിനാചരണത്തിന്റെ ഭാഗമായി പെരിയയില്‍ സിപിഎം പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടി യൂത്ത് കോണ്‍ഗ്രസുകാര്‍ നീക്കിയതു തടയുക മാത്രമാണ് ചെയ്തതെന്നും, സംഘര്‍ഷം ഒഴിവാക്കനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നുമാണ് സി.ഐ വി.വി. ലതീഷിന്റെ വിശദീകരണം. അതേസമയം കല്ല്യോട്ടുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ കോണ്‍ഗ്രസിന്റെ രക്തസാക്ഷി സ്മരകം തകര്‍ത്ത് സിപിഎം പതാക സ്ഥാപിച്ചതിന് പ്രതികാരമെന്നോണം പ്രദേശത്തെ സിപിഎം സ്മാരകത്തില്‍ കോണ്‍ഗ്രസിന്റെ കുറ്റന്‍ പതാകയും സ്ഥാപിച്ചു.