മലപ്പുറത്തെ മസ്തിഷ്ക ജ്വരം; കർശന നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

മലപ്പുറം ജില്ലയില്‍ മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച 10 വയസുകാരിയുടെ വീട്ടില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനനടത്തി പരിസരപ്രദേശങ്ങളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചു. 

മങ്കടയിലേയും വലമ്പൂരിലേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് മസ്തിഷ്ക ജ്വരം ബാധിച്ചുമരിച്ച 10 വയസുകാരിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. സമീപത്തെ ജലാശയങ്ങളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.ഇതിന്റെ പരിശോധനാ ഫലം വന്നാല്‍ മാത്രമേ രോഗാണുവിന്റെ ഉറവിടം എവിടെനിന്നെന്നു മനസിലാകുകയുള്ളൂ. സാംപിളുകളുടെ പരിശോധനക്കും വിവിധ ആശുപത്രികളുടെ ഏകോപനത്തിനും പ്രത്യേക സംവിധാനം ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്.

ഡോക്ടര്‍മാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന ദ്രുതപ്രതികരണ സേനയുടെ നേതൃത്വത്തിലാണ് നിലവില്ലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ .കിണറുകളിലും കുളങ്ങളിലും ക്ലോറിനേഷന്‍ നടത്തുന്നുണ്ട്.പനി, തൊണ്ടവേദന , തലവേദന ളള്‍പ്പടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികില്‍സതേടണമെന്ന കര്‍ശന നിര്‍ദേശമാണ് പൊതുജനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നല്‍കിയിട്ടുളളത്. മഴക്കാലത്തിനുമു്ന‍പ് നടക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടാഴ്ച മുമ്പ് മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രത്യേക കര്‍മസമിതി രൂപീകരിച്ചിരുന്നു.