മാസങ്ങളായി വേതനം ഇല്ല; എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ സമരത്തിൽ

മാസങ്ങളായി വേതനവും ആനുകൂല്യങ്ങളും ലഭിക്കാത വയനാട് എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍. ലേബര്‍ ഒാഫീസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ മാനേജുമെന്റുകള്‍ തുടര്‍ച്ചയായി ലംഘിക്കുകയാണ്. പണിമുടക്ക് സമരത്തിലാണ് ഇരുന്നൂറോളം തൊഴിലാളികള്‍.

എന്‍സ്റ്റണ്‍ എസ്റ്റേറ്റിലെ മൂന്ന് ഡിവിഷനുകളിലെ തൊഴിലാളികളാണ് സമരരംഗത്ത്. മാസങ്ങളായി ഇവര്‍ക്ക് ക‍ത്യമായി വേതനം ലഭിക്കുന്നില്ല. നേരത്തെ പലവട്ടം സമരം ചെയ്തിരുന്നു. ലേബര്‍ ഒാഫീസറുടെയും ട്രേഡ് യൂണിയനുകളുടെയും സാന്നിധ്യത്തില്‍ കോഴിക്കോട് നടന്ന ചര്‍ച്ചയില്‍ ഈ മാസം പതിനഞ്ചിന് കുടിശ്ശിക നല്‍കാന്‍ ധാരണയായതായി തൊഴിലാളികള്‍ പറയുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ച മുതല്‍ തൊഴിലാളികള്‍ ജോലിക്കിറങ്ങി. പക്ഷെ തീരുമാനം നടപ്പിലായില്ല.

വര്‍ഷങ്ങളായി പിഎഫ് വിഹിതം  അടച്ചിട്ടല്ലെന്ന് തൊഴിലാളികള്‍ പറയുന്നു. പിരിഞ്ഞു പോയവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളുമില്ല. മെഡിക്കല്‍ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. പാടികളുടെ അവസ്ഥയും പരിതാപകരമാണ്. മറ്റ് വരുമാനമില്ലാത്തതിനാല്‍ എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് തൊഴിലാളികള്‍.