സഹോദരന് വീട് പണിയാൻ തണ്ണീർത്തടം നികത്തി; പൊന്നാനി നഗരസഭാ ചെയർമാനെതിരെ യുഡിഎഫ്

സഹോദരന് വീട് പണിയാന്‍ തണ്ണീര്‍തടം നികത്താന്‍  പൊന്നാനി നഗരസഭാ ചെയര്‍മാന്‍ വഴിവിട്ട് സഹായം ചെയ്തെന്ന ആരോപണവുമായി യു.ഡി.എഫ്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ചെയര്‍മാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നഗരസഭാ പ്രതിപക്ഷം.അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി പ്രതികരിച്ചു

15 സെന്റ് തണ്ണീര്‍ത്തടം നികത്തി  2200 ചതുരശ്രഅടിയില്‍ വീട് നിര്‍മിക്കാന്‍ സഹോദരനെ സഹായിച്ചെന്ന ആരോപണമാണ് പൊന്നാനി നഗരസഭാ ചെയര്‍മാനെതിരെ  യു.ഡി.എഫ് ഉന്നയിക്കുന്നത്.കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നല്‍കിയ അപേക്ഷക്ക് ജൂണ്‍മാസത്തില്‍ അനുമതി നല്‍കിയതിന്റെ വിവരാവകാശരേഖകള്‍ സഹിതമാണ് ആരോപണം. കൂടാതെ വീടിന് സമീപത്തെ തോടിന്  ജലസേചനവകുപ്പ് 25 ലക്ഷം മുടക്കിസംരക്ഷണ ഭിത്തികെട്ടിയത് ചെയര്‍മാന്റെ സഹോദരന്റെ സ്ഥലം സംരക്ഷിക്കാനാണെന്ന ആരോപണവും ഉയരുന്നുണ്ട്. 

ചെയര്‍മാനെതിരെ പ്രക്ഷോഭം ആരംഭിക്കുന്നതിന്റെ മുന്നോടിയായി അടുത്ത ദിവസം തന്നെ നഗരസഭയിലേക്ക് യു.ഡി.എഫ് മാര്‍ച്ച് നടത്തും.എന്നാല്‍ കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കാന്‍ നഗരസഭാ ചെയര്‍മാന് അവകാശമില്ലെന്നിരിക്കെ അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കുകയാണ് യു.ഡി.എഫെന്ന് ചെയര്‍മാന്‍ സി.പി.മുഹമ്മദ് കുഞ്ഞി പ്രതികരിച്ചു.