‘ഒരു മാലമോഷണം പോലുമില്ല’; പൊലീസിനും അനുപമയ്ക്കും നിറകയ്യടി; പൂരം ഗംഭീരം

ചിത്രം കടപ്പാട്: ഫെയ്സ്ബുക്ക്

തൃശൂർ പൂരത്തിന്റെ നിറപ്പകിട്ടുകൾ സൈബർ ലോകത്ത് നിറയുകയാണ്. നടത്തിപ്പിന് ആന മുതൽ വെടിക്കെട്ട് വരെ സജീവ ചർച്ചയായ പൂരത്തിന് ശേഷം ഒരു കുറ്റങ്ങളും ചൂണ്ടിക്കാണിക്കാനില്ല. കൃത്യമായ സജീകരണങ്ങളോടെ വ്യക്തമായ പ്ലാനിങ്ങോടെ പൂരം നടത്തിയതിന്റെ കയ്യടി സ്വന്തമാക്കുകയാണ് അധികൃതർ. ഭീകരാക്രമണ ഭീഷണിയടക്കം സുരക്ഷാ പ്രശ്നങ്ങളാണ് ഇത്തവണ പൊലീസിനെ തേടിയെത്തിയത്. എന്നാൽ ഇൗ ജാഗ്രത കൊണ്ട് ഇത്തവണ ഒരു മാലമോഷണം പോലും റിപ്പോർട്ട് ചെയ്യാത്തവിധം പഴുതടച്ച സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. എല്ലാം എകോപിപ്പിച്ച് മന്ത്രിമാരും ജനപ്രതിനിധികളും രംഗത്തെത്തി.

പൂരനാളിലെ കൊടുംതിരക്കിൽ കൂട്ടംതെറ്റിപ്പോയത് 12 കുട്ടികളടക്കം 62 പേരാണ്. ഇതിൽ ആറാം ക്ലാസുകാരൻ വൈഷ്ണവ് മുതൽ വയോധികർ വരെ ഉൾപ്പെടുന്നു. കൂട്ടംതെറ്റിയവരെ പരിഭ്രാന്തരാക്കാതെ കൺട്രോൾ റൂമിലെത്തിക്കുകയാണ് പൊലീസ് ആദ്യം ചെയ്തത്. മൊബൈൽ ഫോൺ ജാം ആയതിനാൽ വയർലെസ് സെറ്റിലൂടെ അതതു പൊലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെട്ട് വീട്ടുകാരെ വിവരമറിയിച്ചു. മൈക്കിലൂടെ തുടർച്ചയായി അനൗൺസ്മെന്റ് മുഴക്കി. ബന്ധുക്കളെ കണ്ടെത്തി എല്ലാവരെയും തിരിച്ചേൽപ്പിച്ചു. ഇൗ ജാഗ്രത സൈബർ ലോകത്തും കുറിപ്പുകളായും ചിത്രങ്ങളായും നിറയുകയാണ്.

അത്യാധുനിക ഉപകരണങ്ങളുമായി 160 അംഗ ബോംബ് ഡിറ്റക്‌ഷൻ ടീം മുഴുവൻ സമയവും പൂരപ്പറമ്പിൽ ഉണ്ടായിരുന്നു. 50 മീറ്റർ പരിധിയിൽ കുഴിബോംബ് അടക്കം ഏതു സ്ഫോടകവസ്തു ഉണ്ടെങ്കിലും കണ്ടെത്തി നിർവീര്യമാക്കാൻ കെൽപ‍ുള്ള സാമഗ്രികളുമായാണ് റോന്തുചുറ്റിയത്. ഗതാഗതം നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനും 3600 അംഗ പൊലീസ് സംഘം വേറെ. കൃത്യമായി ഡ്യൂട്ടി പ്ലാൻ നടപ്പാക്കി. റേഞ്ച് ഐജിയും കമ്മിഷണറും നേരിട്ടു സുരക്ഷ നിയന്ത്രിച്ചു. 

പൂരംകാണാൻ പോകുന്നവരുടെ വീടുകളിൽ കയറി മോഷണം നടത്തുന്നതു പതിവാണെങ്കിലും ഇത്തവണ അതുമുണ്ടായില്ല. അപകടങ്ങളില്ലാതെ വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും സുരക്ഷിതമാക്കി. രാത്രി വെടിക്കെട്ടിനു ശേഷം പൊട്ടാതെ കിടക്കുന്ന വെടിക്കോപ്പുകളുണ്ടോ എന്നു കണ്ടെത്താൻ പുലർച്ചെ തന്നെ പരിശോധന നടത്തിയിരുന്നു. ആൾത്തിരക്കിൽ അപകടമുണ്ടാവുന്നുണ്ടോ എന്നും ആരെങ്കിലും വീണുപോകുന്നുണ്ടോ എന്നും കണ്ടെത്താൻ ഡ്രോൺ പറത്തി നിരീക്ഷിക്കുകയും ചെയ്തു. മികവുറ്റ ആസൂത്രണത്തിലൂടെയും ഒന്നാന്തരം സംഘാടനത്തിലൂടെയും പൂരത്തെ ഏകോപിപ്പിച്ചതിനു കലക്ടർ ടി.വി. അനുപമയോടും തൃശൂർ നന്ദി പറയുകയാണ്.