സൈബര്‍ ‘പോരാട്ട’ നടുവില്‍ അനുപമയുടെ ഫെയ്സ്ബുക്ക് പേജും; അഹസിക്കാനും ശ്രമം

എതിർത്തും പിന്തുണച്ചും വലിയ സൈബർ പോരാട്ടമാണ് തൃശൂർ കലക്ടർ അനുപമയുടെ ഫെയ്സ്ബുക്ക് പേജിൽ നടക്കുന്നത്. ശരണം വിളികളുമായിട്ടാണ് ബിജെപി പ്രവർത്തകരുടെ കമന്റുകൾ, കലക്ടറെ അഹസിക്കാനും ക്രിസ്ത്യൻ എന്നു വരുത്തി തീർത്തുള്ള കമന്റുകളും പേജിൽ സജീവമാണ്. ഇതിനൊപ്പം കലക്ടർ ചട്ടം മറികടന്ന് ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് സജീവ പിന്തുണയുമായി ഒട്ടേറെ പേർ രംഗത്തെത്തിയിട്ടുണ്ട്.

ഇരുപത്തിയൊന്നായിരം പേരാണ് കലക്ടറുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. തൃശൂര്‍ എന്‍.ഡി.എ കണ്‍വന്‍ഷനില്‍ അയ്യപ്പന്‍റെ പേരില്‍ വോട്ടു ചോദിച്ചെന്നു കാട്ടി ജില്ലാ കലക്ടർ ടി.വി അനുപമ ഐഎഎസ് സുരേഷ് ഗോപിക്ക് നോട്ടിസ് നല്‍കിയിരുന്നു. ഇത് വിവാദമായതോടെയാണ് സൈബർ ഇടങ്ങളിലെ പ്രതിഷേധം. സംഘപരിവാർ ഗ്രൂപ്പുകളിൽ അനുപമ ക്രിസ്ത്യൻ ആണെന്ന് പറഞ്ഞ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. 

‘കമൽ അല്ല അവർക്കയാൾ കമാലുദ്ദീനാണ്. വിജയ്‌ അവർക്കുമാത്രം ജോസഫ്‌ വിജയ്‌ ആണ്. പ്രകാശ് രാജ് ഇല്ല പ്രകാശ് എഡ്വേഡ് രാജാണ്. ആര്യ ഇല്ല ജംഷാദ് ആണ്. ഇന്നലെ വരെ കളക്ടർ ടി.വി അനുപമയായിരുന്നവരെ ഇന്ന് അവർ വിളിക്കുന്നത്‌ അനുപമ ക്ലിൻസൺ ജോസഫ്‌ എന്നാണ്. സ്വന്തം ജോലി കൃത്യമായി ചെയ്തു, അല്ലെങ്കിൽ അനീതിക്കെതിരെ ശബ്ദമുയർത്തി എന്നത്‌ മാത്രമാണിവരെ ഇങ്ങനെ വിളിക്കാനുള്ള കാരണം. പ്രവൃത്തികൾ വിലയിരുത്തുന്നതിനു പകരം അധികാരത്തിലേറുന്നതിനു വളരെ മുൻപുതന്നെ പേരുകൊണ്ട്‌ വിഭജിക്കാൻ ശ്രമിക്കുന്നവരെ ആട്ടിപ്പുറത്താക്കിയേ പറ്റൂ. തന്റെ ജോലിയാണു ചെയ്തത്‌, വിമർശനങ്ങൾക്ക്‌ മറുപടി പറയേണ്ട ബാദ്ധ്യതയില്ലെന്ന കലക്ടറുടെ നിലപാടിനൊപ്പം.’ അനുപമയെ പിന്തുണച്ച് എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ നെൽസൺ ജോസഫ് ഫെയ്സ്ബുക്കിൽ കുറിച്ചു. 

അതേസമയം കലക്ടറുടെ നോട്ടീസ് സുരേഷ്ഗോപി ഇന്ന് ജില്ലാ കലക്ടർക്ക് വിശദീകരണം നൽകും. അഭിഭാഷകന്‍ തയാറാക്കിയ വിശദീകരണം ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയ്ക്കായി അയച്ചിരിക്കുകയാണ്.