കൊല്ലം നഗരസഭയുടെ കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ പ്രതിഷേധം; ഒഴിപ്പിക്കൽ തുടരുന്നു

 എല്‍ഡിഎഫ് ഭരിക്കുന്ന കൊല്ലം നഗരസഭയുടെ കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ നിന്നു പ്രതിപക്ഷനേതാവ് അടക്കമുള്ള യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വിട്ടു നിന്നു.  പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഡിസിസി ഭാരവാഹികള്‍ ഉള്‍പ്പടെയുള്ളവര്‍ ജില്ലാ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. 

പൊതുസ്ഥലങ്ങള്‍ കൈയേറിയുള്ള അനധികൃത കച്ചവടങ്ങളും നിര്‍മാണങ്ങളും നീക്കം ചെയ്യുന്ന നഗരസഭയുടെ ഓപ്പറേഷന്‍ ഈസി വോകിനെതിരെ ആദ്യം രംഗത്തെത്തിയത് സിഐടിയുവായിരുന്നു. ഇതിനു പിന്നാലെയാണ്  ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ രണ്ടു കൗണ്‍സിലര്‍മാര്‍ മാത്രമാണ് സമരത്തില്‍ പങ്കെടുത്തത്.

പ്രതിഷേധങ്ങൾക്കിടയിലും ഒഴിപ്പിക്കൽ തുടരുകയാണ്.പാതയോരങ്ങളും നടപാതകളും കൈയേറിയുള്ള കച്ചവടങ്ങള്‍ക്കെതിരെ പരാതി വ്യാപകമായതോടെയാണ് ഇവ പൊളിച്ചു മാറ്റാന്‍ കൗണ്‍സില്‍ യോഗം ഐകകണ്ഠേന തീരുമാനിച്ചത്.