ആര്‍.എസ്.എസ് ഇടപെട്ടു; ശബരിമല സംവാദത്തില്‍ നിന്നും വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി പിന്മാറി

sabarimala-vidyasagar-rss
SHARE

ശബരിമല വിഷയത്തിലെ ആര്‍എസ്എസ് നേതാക്കളുടെ നിലപാടിനെതിരെ രംഗത്തെത്തിയ വിദ്യാസാഗറിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. 

ശബരിമല സ്ത്രീപ്രേവശത്തെ കുറിച്ച് ആര്‍എസ്എസ്സിന്റെ മുതിര്‍ന്ന പ്രചാരകന്മാരായ ആര്‍.ഹരി, സഞ്ജയന്‍, എം.എ.കൃഷ്ണന്‍ എന്നിവരുടെ പ്രഖ്യാപിത നിലപാടിനെതിരെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച ഹൃദയവിദ്യാ ഫൗണ്ടേഷന്‍ സ്ഥാപകന്‍ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി പിന്മാറുന്നു. ആര്‍എസ്എസ്സിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് സംവാദം ഒഴിവാക്കിയത്. ശബരിമല പ്രക്ഷോഭകാലത്ത് കര്‍മ്മസമിതിയുടെ വേദിയിലും വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി സംസാരിച്ചിട്ടുണ്ട്. ഒപ്പം സ്വന്തം പ്രസ്ഥാനത്തിന്റെ ഭാഗമായും നിരവധി പരിപാടികളിലും പ്രക്ഷോഭങ്ങളിലും പങ്കെടുത്ത വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിക്ക് സൈബര്‍ലോകത്തും ആരാധകരേറെ.

വിദ്യാസാഗറിനെതിരെ ആര്‍എസ്എസ്സ് അനുയായികളില്‍ ഒരുവിഭാഗം സൈബര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയുടെ അനുയായികള്‍ക്കിടയിലും സംവാദത്തെ കുറിച്ച് ഭിന്നാഭിപ്രായം ഉണ്ട്. വിദ്യാസാഗറിനെ ജാതിപറഞ്ഞ് അധിക്ഷേപിക്കും വിധത്തില്‍ വരെ സൈബര്‍ ആക്രമണം നീണ്ടു. പരസ്പരം വിഴുപ്പലക്കുന്നത് സമൂഹത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നാണ് ആര്‍എസ്എസ് നിലപാട്. അതുകൊണ്ട് തന്നെ മെയ് മാസം 21ന് നിശ്ചയിക്കപ്പെട്ട സംവാദം ഒഴിവാക്കാനാണ് നിര്‍ദേശം. സംവാദങ്ങള്‍ക്ക് വിലക്കില്ലെന്നും ക്രിയാത്മകമായ സംവാദങ്ങള്‍ നടക്കണമെന്നും പറയുമ്പോഴും മുതിര്‍ന്ന പ്രചാരകന്മാരുടെ പേര് സമൂഹമധ്യത്തില്‍ വലിച്ചിഴച്ച് അശ്ലീലപ്പെടുത്തിയെന്നാണ് ആര്‍എസ്എസ് നേതാക്കളുടെ ആക്ഷേപം.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ലെന്നാണ് ആര്‍എസ്എസ് ബുദ്ധിജീവിയും ദേശീയ ഭാരവാഹിയുമായിരുന്ന ആര്‍.ഹരിയുടെ "മാറ്റുവിന്‍ ചട്ടങ്ങളെ" എന്ന പുസ്തകത്തില്‍ പറയുന്നത്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധ വന്നശേഷം ജന്മഭൂമിയുടെ ചുമതലയുള്ള മുതിര്‍ന്ന പ്രചാരകനായ സഞ്ജയനും ഇതേ നിലപാട് ആവര്‍ത്തിച്ചു. ശബരിമല പ്രക്ഷോഭകാലത്ത് ഇത്തരം വിഷയങ്ങള്‍ മൂടിവെച്ചെങ്കിലും സാമുദായികാചാര്യന്മാര്‍ക്കിടയില്‍ തന്നെ ആര്‍എസ്എസ്സിന്റെ മുന്‍നിലപാടിനെതിരെയുള്ള അഭിപ്രായഭിന്നത പരസ്യമാക്കിയാണ് വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി പരസ്യസംവാദത്തിന് തയ്യാറായത്. 

സംഘപരിപരിവാറിന്റെ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര പ്രകാശന്റെ ചുമതലയുള്ള ഷാബു പ്രസാദാണ് വിദ്യാസാഗറിന്റെ നിലപാടിനെതിരെ രംഗത്തെത്തിയത്. ഈ വിഷയത്തില്‍ വിദ്യാസാഗര്‍ നടത്തിയ വെല്ലുവിളി ഷാബുപ്രസാദ് ഏറ്റെടുത്തതോടെ മെയ് 21ന് തിയതി കുറിക്കുകയായിരുന്നു. ഫെയ്സ്ബുക്കിലൂെട ആയിരുന്നു െവല്ലുവിളിയും വിമര്‍ശനവും. ഗോത്രസംസ്കൃതിയെ ഉള്‍ക്കൊള്ളും വിധം ചാത്തനയെയും ഗുളികനെയും കാളിയെയും അംഗീകരിക്കുന്ന ബഹുസ്വരതയാണ് ഹൈന്ദവ സംസ്കാരമെന്നും എല്ലാം വൈദിക സമ്പ്രദായത്തില്‍ സമ്മേളിക്കണമെന്ന നിര്‍ബന്ധം പാടില്ലെന്നും വിദ്യാസാഗര്‍ പറയുന്നു. വൈദികമായ സമ്പ്രദായം നാനാത്വത്തെ ഇല്ലാതാക്കി ഏകശിലാത്മകമായ സംസ്കൃതിയെ മുറുകെ പിടിക്കുന്നതാണെന്നും വിദ്യാസാഗര്‍ പറയുന്നു. ആര്‍.ഹരിയുടെ ലേഖനം ഈ നാനാത്വത്തെയും ആചാരവൈവിധ്യത്തെയും അംഗീകരിക്കുന്നില്ലെന്നാണ് വിദ്യാസാഗറിന്‍റെ അഭിപ്രായം.

ആര്‍.ഹരിയുടെ നിലപാട് പക്ഷെ ആര്‍എസ്എസ് പൂര്‍ണമായും അംഗീകരിച്ചിട്ടില്ല. ശബരിമലയില്‍ മാറ്റങ്ങള്‍ വേണമെങ്കില്‍ അത് കോടതിവിധിയിലൂടെ അല്ല നടപ്പാക്കേണ്ടതെന്നും ആചാര്യന്മാര്‍ കൂടിയിരുന്ന് ആലോചിക്കട്ടെയെന്നുമാണ് നിലവില്‍ ആര്‍എസ്എസ് നിലപാട്. സംവാദം സൈബര്‍ ആക്രമണത്തിനപ്പുറം കടക്കാതിരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് ഇത് മാറ്റിവെച്ചത്.

MORE IN KERALA
SHOW MORE