‘അന്നും മമ്മൂട്ടി അങ്ങനെ പറഞ്ഞു; കണ്ണന്താനം മോശമെന്ന് പറഞ്ഞോ..?’: സിന്ധു ജോയ്:കുറിപ്പ്

എറണാകുളത്തു എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം നടന്‍ മമ്മൂട്ടിക്ക് എതിരെ ഉയർത്തിയ നിലപാടുകളെ വിമർശിച്ച് സിന്ധു ജോയ് രംഗത്ത്. മണ്ഡലത്തിലെ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർ‍ത്ഥികളെക്കുറിച്ച് മമ്മൂട്ടി സൗഹൃദപൂര്‍വം നടത്തിയ പരാമർശത്തിനെതിരെയാണ് അൽഫോൺസ് കണ്ണന്താനം വിമർശനവുമായെെത്തിയത്. താൻ മോഹൻലാലിനെ കണ്ടതിന്റെ ഹുങ്കാണ് മമ്മൂട്ടി കാണിച്ചതെന്നും കണ്ണന്താനം പറഞ്ഞുവച്ചു. താനൊരു കേന്ദ്രമന്ത്രിയല്ലേയെന്നും ടൈം മാഗസിനില്‍ പേരുവന്ന ഒരാളെയാണ് മമ്മൂട്ടി അവഗണിച്ചതെന്നും കണ്ണന്താനം പറഞ്ഞു. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് 2009ല്‍ എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കൂടിയായിരുന്ന സിന്ധു ജോയ്. താന്‍ മത്സരിച്ചപ്പോഴും മമ്മൂട്ടി ഇതുപോലെ പറഞ്ഞിട്ടുണ്ടെന്നും അതിലെന്താണ് തെറ്റെന്നും സിന്ധു ജോയ് ചോദിക്കുന്നു.

'സിന്ധു ജോയ് നല്ല സ്ഥാനാർഥി’ ആണെന്നൊക്കെ അന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അൽഫോൻസ് കണ്ണന്താനം മോശം സ്ഥാനാർഥി ആണെന്ന് മമ്മൂക്ക പറഞ്ഞോ? തിരഞ്ഞെടുപ്പ് പിറ്റേന്ന് ഒരു വിവാദം ഉണ്ടാക്കണമായിരുന്നെങ്കിൽ അത് ഈ മഹാനടന്റെ പേരിൽ വേണമായിരുന്നോ? ഈ പ്രസ്താവനയിലൂടെ താങ്കൾ കൂടുതൽ ചെറുതാവുകയാണ്! സ്ന്ധു ജോയ് ഫെയ്സ്ബുക്കിൽ കുറിച്ചു.

സിന്ധു ജോയ്‍യുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എറണാകുളത്തു എൻ.ഡി.എ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം നടൻ മമ്മൂട്ടിക്ക് എതിരെ ഉയർത്തിയിരിക്കുന്ന വിമർശനം ബാലിശവും പ്രതിഷേധാർഹവുമാണ്. സാധാരണഗതിയിൽ പോളിങ് തുടങ്ങുമ്പോൾ തന്നെ സ്ഥാനാർഥി വോട്ട് രേഖപ്പെടുത്തും. തുടർന്ന് മറ്റു പോളിങ് സ്റ്റേഷൻകളിലേക്കു പോകും. മണ്ഡലത്തിൽ പ്രമുഖർ ആരെങ്കിലും വോട്ട് ചെയ്യുന്നുണ്ടെങ്കിൽ അത് അന്വേഷിച്ചു അവരെ കാണാൻ പോകും. രണ്ടായിരത്തി ഒൻപതിൽ ഞാൻ മത്സരിച്ചപ്പോഴും ഇതാണ് ചെയ്തത്. പനമ്പള്ളി നഗറിൽ വോട്ട് ചെയ്തു കഴിഞ്ഞു ‘സിന്ധു ജോയ് നല്ല സ്ഥാനാർഥി’ ആണെന്നൊക്കെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത്തവണ പി.രാജീവും ഹൈബി ഈഡനും ആ ബൂത്തിൽ പോയി. രണ്ടു പേരും മികച്ച സ്ഥാനാർഥികളാണെന്നു മമ്മൂക്ക പറയുകയും ചെയ്തു. അതിൽ എന്താണ് ഇത്ര തെറ്റ്? അൽഫോൻസ് കണ്ണന്താനം മോശം സ്ഥാനാർഥി ആണെന്ന് മമ്മൂക്ക പറഞ്ഞോ? തിരഞ്ഞെടുപ്പ് പിറ്റേന്ന് ഒരു വിവാദം ഉണ്ടാക്കണമായിരുന്നെങ്കിൽ അത് ഈ മഹാനടന്റെ പേരിൽ വേണമായിരുന്നോ? ഈ പ്രസ്താവനയിലൂടെ താങ്കൾ കൂടുതൽ ചെറുതാവുകയാണ്!