‘നമ്മൾ ഈ രാഷ്ട്രീയക്കാരെ സാർ എന്ന് വിളിക്കേണ്ടതുണ്ടോ..?’; ഊഷ്മളമായ ഒരോര്‍മ

കെ.എം.മാണിയുടെ രാഷ്ട്രീയജീവിതം ഒന്നര പതിറ്റാണ്ടായി അരികെ നിന്ന് നിരീക്ഷിച്ച മനോരമ ന്യൂസിലെ മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമന്‍ എഴുതുന്നു

എന്റെ മാധ്യമപ്രവർത്തന ജീവിതത്തിൽ ആദ്യം പരിചയപ്പെട്ട ‘മുതിർന്ന നേതാവാണ്’ കെ.എം.മാണി. 2004ൽ കോട്ടയത്ത് ഇന്ത്യാവിഷൻ റിപ്പോർട്ടറായി ജോലി തുടങ്ങിയ കാലം. നാട്ടകം സർക്കാർ ഗസ്റ്റ് ഹൗസിൽ വാർത്താ സമ്മേളനം നടത്താൻ വരുന്ന റവന്യുമന്ത്രി കെ.എം മാണി. വടിവൊത്ത തൂവെള്ള ജൂബയും മുണ്ടും, ചീകിയൊതുക്കി വച്ച മുടിയും. നന്നായി ചിരിച്ച് കടന്നു വന്ന അദ്ദേഹത്തെ കണ്ട് എല്ലാവരും എഴുന്നേറ്റ് നിന്നു. എല്ലാവരോടും കുശലാന്വേഷണം നടത്തി അദ്ദേഹം നേരെ മുറിയിലേക്ക്. അടുത്തിരുന്ന സഹപ്രവർത്തകൻ പറഞ്ഞു: അൽപം കാത്തിരിക്കണം, യാത്ര കഴിഞ്ഞ് വന്നതല്ലേ, മാണി സാർ ഫ്രഷായി വരും. ഇരുപത് മിനിറ്റിനുള്ളിൽ.

കൂടുതൽ ഫ്രഷായ മാണി സാർ വന്നു. ഓരോ ചോദ്യങ്ങൾക്കും ആത്മവിശ്വാസം നിറഞ്ഞ ചിരിയോടെ, മാധ്യമ പ്രവർത്തകരുടെ പേരെടുത്തു വിളിച്ച് ഉത്തരം. വാർത്താസമ്മേളനം കഴിഞ്ഞ് ഒരു പ്രമുഖ മാധ്യമ പ്രവർത്തകനോട് ഞാൻ ചോദിച്ചു, ‘നമ്മൾ ഈ രാഷ്ട്രീയക്കാരെ സാർ എന്ന് വിളിക്കേണ്ടതുണ്ടോ..? മിനിസ്റ്റർ എന്നോ ശ്രീ എന്നോ ചേർത്താൽ പോരേ..? (ജേർണലിസം ക്ലാസിൽ പഠിച്ചത്). 

മതി, അദ്ദേഹം പറഞ്ഞു, പക്ഷേ മാണി സാറിനെയൊഴിച്ച് ആരെയും..! മാണി സാർ എന്ന വിളി ബഹുമാനത്തിന്റെ മാത്രമല്ല, അദ്ദേഹത്തിന് നമ്മളോടുള്ള സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും കൂടി ഫലമാണ്. തലമുറകളായി കോട്ടയത്തെ മാധ്യമപ്രവർത്തകർ അങ്ങനെയാണ്, അതുമതി. അന്നു മുതൽ എനിക്കും മാണി സാർ മാണി സാറായി. ബജറ്റിന് മുമ്പ്, തിരഞ്ഞെടുപ്പു സമയത്ത്, പാർട്ടി പിളരുമ്പോൾ, വളരുമ്പോൾ പിന്നീട് എത്രയോ തവണ മാണി സാറിന്റെ അഭിമുഖമെടുത്തു. എത്ര പ്രകോപനപരമായ ചോദ്യത്തിനും  ചെറുപുഞ്ചിരി കൈവിടാതെയുള്ള ഉത്തരം. എല്ലാ ചോദ്യത്തിനും ഉത്തരവുമുണ്ട്. ഒരു പക്ഷേ ബാർ കോഴക്കേസിൽ രാജി പ്രഖ്യാപിക്കുമ്പോൾ മാത്രമാണ് മാണി സാറിന്റെ മുഖത്ത് അൽപം പരിഭ്രമം കണ്ടത്. 

ബന്ധു വീടുകളുള്ള പാലായിലെ മികച്ച റോഡുകളിലൂടെ കടന്നുപോകുമ്പോൾ, കെ.എം.മാണി എന്ന ദീർഘവീക്ഷണമുള്ള നേതാവിനെ ഓർമിച്ചു. അടുത്തകാലത്തായി ഇടയ്ക്ക് അദ്ദേഹം എന്റെ പേര് മറക്കും. വിജി ചേട്ടനോ സിബിയോ ഓർമിപ്പിക്കുമ്പോൾ ചിരിച്ചു കൊണ്ട് പറയും, അതെയതെ, നിഷ, എന്റെ മോളുടെ(മരുമകൾ നിഷാ ജോസ്) പേരും അതു തന്നെ. അതുകൊണ്ട് ഓർത്തിരിക്കും..! 

2016 നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു അദ്ദേഹം എനിക്കു നൽകിയ അവസാന അഭിമുഖം. കെ.എം മാണിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ട്, തിരഞ്ഞെടുപ്പിൽ മൽസരിച്ചേക്കില്ല തുടങ്ങിയ അഭ്യൂഹങ്ങൾ നിറഞ്ഞു നിന്ന കാലം. കരിങ്ങോഴയ്ക്കൽ തറവാട്ടിലെത്തിയ ഞങ്ങളെ കാത്തിരുന്നത് ചുറുചുറുക്കുള്ള മാണിസാർ ആയിരുന്നു. പാലായിൽ പാർട്ടി മറ്റാരെയെങ്കിലും സ്ഥാനാർഥിയാക്കുമോ എന്ന് ചോദ്യം. അതെന്തിനാ, എനിക്കെന്നാ കുഴപ്പം, പാലാക്കാർ ആഗ്രഹിക്കുന്നിടത്തോളം ഞാൻ തന്നെ മൽസരിക്കും എന്ന് ഉത്തരം. അവിടെ തീർന്നു അഭ്യൂഹങ്ങൾ. പാലാക്കാർ വീണ്ടും ആഗ്രഹിച്ചു, അദ്ദേഹം വീണ്ടും വിജയിച്ചു. 

ധനമന്ത്രിയെന്ന നിലയിലായാലും പാർട്ടി ചെയർമാനെന്ന നിലയിലായാലും ഏതു വെല്ലുവിളിയെയും ഏറ്റെടുക്കാനും മാധ്യമങ്ങളുടെ എത്ര പ്രകോപനപരമായ ചോദ്യങ്ങൾക്കും കുറിയ്ക്കു കൊള്ളുന്ന ഉത്തരം പറയാനും അസാമാന്യമായ കഴിവായിരുന്നു അദ്ദേഹത്തിന്. പാലായിൽ പ്രഥമ ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം ഏറ്റുവാങ്ങാൻ പോയപ്പോഴാണ് മാണി സാറിനെ അവസാനമായി കണ്ടത്. വേദിയിൽ അടുത്തു ചെന്ന് സംസാരിച്ചു. ഇത്തവണ പക്ഷേ എന്റെ പേര് മറന്നില്ല. അവാർഡിന് അഭിനന്ദിച്ചു. അധികം സംസാരിക്കാൻ ആരോഗ്യം അനുവദിക്കുന്നില്ലായിരുന്നു. എന്നിട്ടും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കയ്യിൽ നിന്ന് ഞാൻ പുരസ്കാരം ഏറ്റുവാങ്ങുന്നതിന് സാക്ഷിയായി മാണി സാർ എഴുന്നേറ്റ് നിന്നു. ഇനി മാണി സാർ ഇല്ലാത്ത പാലായാണ്. പാലാക്കാരിയായ എന്റെ അമ്മ ഫോണിൽ പറഞ്ഞു, വീട്ടുകാർ ആരോ മരിച്ചതു പോലുള്ള സങ്കടം മോളേ... ടിവിയിൽ തന്നെ നോക്കി ഇരിക്കുകയാണ്. അതെ, മാണി സാർ പാലാക്കാരുടെ പൊതുവികാരമായിരുന്നു. അദ്ദേഹത്തിന്റെ പാർട്ടിക്കാരല്ലെങ്കിൽക്കൂടി.