ജെല്ലിക്കെട്ട് പോലെയല്ല സർ ശബരിമല; സുധാകരന് ബിന്ദുവിന്റെ മറുപടി; കയ്യടിച്ച് ക്ലാസ്

bindu-ammini-sudhakaran-21
SHARE

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശബരിമല ദർശനം നടത്തിയ ബിന്ദു അമ്മിണി പഠിപ്പിക്കുന്ന കോളജിലെത്തി കോൺഗ്രസ് നേതാവ് കെ.സുധാകരന്‍റെ പ്രസംഗം. ബിന്ദുവിന്റെ ക്ലാസില്‍ സുധാകരൻ നടത്തിയ പ്രസംഗത്തിനിടെ ഇരുവരും നേർക്കുനേർ സംസാരിച്ചു. 

കേരളത്തിൽ സ്ത്രീകൾക്ക് കയറാവുന്ന അയ്യപ്പക്ഷേത്രങ്ങൾ വേറെ ഉണ്ടായിട്ടും ശബരിമലയില്‍ തന്നെ കയറിയത് കലാപം ലക്ഷ്യം വെച്ചാണെന്ന് സുധാകരന്‍ ആരോപിച്ചു. നിങ്ങൾക്ക് അനുരഞ്ജന ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമായിരുന്നെന്നും നിങ്ങൾ കയറിയപ്പോൾ കലാപം ഉണ്ടായത് കണ്ടില്ലേയെന്നും സുധാകരൻ ചോദിച്ചു. 

‘നൈഷ്ഠിക ബ്രഹ്മചാരി എന്നുപറയുന്ന ഈ പ്രതിഷ്ഠക്ക് മാത്രമെ ഈ ആചാരമുള്ളൂ. അത് വിശ്വാസികളുടെ കാര്യമാണ്. നിങ്ങൾ ഒരു അമ്പലത്തിൽ പോകുമ്പോള്‍ അവിടുത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുക എന്നത് വിശ്വാസികളുടെ പൊതുസ്വഭാവമാണ്. അത് വിശ്വാസികളുടെ അവകാശമാണ്. ആ അവകാശം പാലിക്കാതെ പോയാൽ ഇവിടെ കുഴപ്പമുണ്ടാകും. നിങ്ങൾ കയറിയപ്പോൾ കലാപം ഉണ്ടായത് കണ്ടില്ലേ? അനുരഞ്ജന ചർച്ചകൾ നടത്താം. ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കാം. ഭരണഘടന ഭേദഗതി ചെയ്യാം. ഇതൊക്കെ നിൽക്കുമ്പോൾ നിങ്ങൾ അവിടെ കയറി. നമുക്ക് ഇതെല്ലാം നേരിട്ട് സംസാരിക്കാം എന്നുപറഞ്ഞ് സുധാകരൻ സംസാരം നിർത്തി. 

ഭരണഘടനയോ സുപ്രീം കോടതി വിധിയോ താങ്കൾ അംഗീകരിക്കുന്നില്ലെന്നാണ് സർ പറഞ്ഞുവെക്കുന്നത് എന്ന് ബിന്ദു മറുപടി നൽകി. ഇതോടെ നോ, നോ, തെറ്റ് എന്നുപറഞ്ഞ് സുധാകരൻ സംസാരിച്ചുതുടങ്ങി. ജനവികാരത്തിനും ഒരു ഭൂരിപക്ഷ സമൂഹത്തിന് എതിരെ വരുന്ന ഒരു വിധിയും നാട് സ്വീകരിക്കില്ലെന്നും തമിഴ്നാട്ടില്ലെ ജെല്ലിക്കെട്ട് നിരോധിച്ചപ്പോൾ ഒരു നാട് ഇളകിയത് കണ്ടില്ലേയെന്നും സുധാകരൻ ചോദിച്ചു. 

ഇതോടെ ''സർ അവിടെ മനുഷ്യനല്ല ഉള്ളത്. മനുഷ്യന് മാത്രമേ മൗലികാവകാശങ്ങൾ ഉള്ളൂ. കാളക്കില്ല'' എന്ന് ബിന്ദുവിന്റെ മറുപടി. ബിന്ദുവിന്റെ മറുപടിയെ ക്ലാസിലുണ്ടായിരുന്നവർ കയ്യടിച്ച് സ്വീകരിച്ചു. ഇതോടെ നിങ്ങൾ പറഞ്ഞത് മനസ്സിലായില്ലെന്ന് സുധാകരൻ പറഞ്ഞു. ''ഇന്ത്യയിലെ ജനങ്ങൾക്ക് മാത്രമേ മൗലികാവകാശമുള്ളൂ. ജെല്ലിക്കെട്ടിൽ അഫക്ടഡ് ആയിട്ടുള്ളവർക്ക് മൗലികാവകാശം ഇല്ല. അവിടെ അഫക്ടഡ് ആയത് കാളകളാണ്''- ബിന്ദു വിശദീകരിച്ചു. 

സുപ്രീം കോടതി വിധി ലംഘിക്കപ്പെട്ട നിരവധി സംഭവങ്ങൾ നാട്ടിലുണ്ടായിട്ടുണ്ട്. അതിനർഥം സുപ്രീം കോടതി വിധിയല്ല സുപ്രീം, പാർലമെന്റാണ് സുപ്രീം എന്നാണ്. അതെങ്കിലും മനസ്സിലാക്കിയാൽ നല്ലത് എന്നും സുധാകരൻ മറുപടി നല്‍കി. ടീച്ചർ ഒരു സംവാദം സംഘടിപ്പിച്ചാൽ ഞാൻ എവിടെ വേണമെങ്കിലും വരാം എന്നുപറഞ്ഞ‌ാണ് സുധാകരൻ ക്ലാസിൽ നിന്നിറങ്ങിയത്.

MORE IN KERALA
SHOW MORE