ജേക്കബ് തോമസ് രാഷ്ട്രീയത്തിലേക്ക്; പാര്‍ട്ടി ‘സസ്പെന്‍സാ’ക്കി വെളിപ്പെടുത്തല്‍: അഭിമുഖം

ഉറച്ച നിലപാടുകളുടെ പേരിൽ വാർത്തകളിൽ ഇടംപിടിച്ച ഉദ്യോസ്ഥനാണ് ഡിജിപി ജേക്കബ് തോമസ്. നാടെങ്ങും തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങുന്ന ഈ സമയത്ത് രാഷ്ട്രീയകേരളത്തെ അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായാണ് ഇക്കുറി അദ്ദേഹത്തിന്റെ വരവ്. ഉദ്യോഗസ്ഥ വേഷം അഴിച്ചുവെച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും ഉടന്‍ ഒരു പാര്‍ട്ടിയില്‍ ചേരുമെന്നും മനോരമ ന്യൂസ് ഡോട്ട്കോമിനോട് ജേക്കബ് തോമസ് സ്ഥിരീകരിച്ചു.   

1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ഒന്നര വര്‍ഷത്തോളം സര്‍വീസ് ബാക്കി നിൽക്കെയാണ് ഇങ്ങനെയൊരു സുപ്രധാന തീരുമാനം എടുക്കുന്നത്. അഴിമതിക്കെതിരെ പോരാടുന്നതിനാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി.

സ്വതന്ത്രനാകില്ലന്നും വ്യക്തമായ രാഷ്ട്രീയ പാർട്ടിക്ക് ഒപ്പമാകും താന്‍ ഉണ്ടാകുകയെന്നും അദേഹം പറഞ്ഞു.ഇക്കാലയളവിൽ താൻ പിന്തുടർന്ന മൂല്യബോധത്തിൽ ഉൗന്നിയുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെയാകും ഭാഗമാകുക. എന്നാൽ ഏത് പാർട്ടിയുടെ ഭാഗമാണന്ന് അദേഹം വെളിപ്പെടുത്തിയില്ല. ഗ്രൗണ്ട് വർക്കുകൾ വേണ്ടത്ര ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ തീരുമാനത്തിൽ പൂര്‍ണ പ്രതീക്ഷയുണ്ട്.

രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി ഇതിനുമുന്‍പ് ചിന്തിച്ചിട്ടില്ല. ജനസേവനം മാത്രമായിരുന്നു മനസ്സിൽ.എന്നാൽ ഈ തീരുമാനം എടുത്തുചാടി എടുത്തതല്ല. സിവിൽ സർവീസ് ഏറെ ആഗ്രഹിച്ച് ലഭിച്ചതാണ്. അതിലൂടെ ലക്ഷ്യമിട്ടത് ജനസേവനം മാത്രമാണ്. ജോലി രാജിവച്ച ശേഷമായിരിക്കും രാഷ്ട്രീയ പ്രവേശനം. സർവീസിലിരുന്ന സമയത്ത് പലരും തന്നെ ജോലി ചെയ്യാൻ സമ്മതിച്ചില്ലന്നും അദേഹം പറഞ്ഞു. ബുധാനാഴ്ചയോടെ രാഷ്ട്രീയ പ്രവേശത്തിന്റെ കാര്യത്തിൽ വ്യക്തതയുണ്ടാകുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

വിവാദങ്ങൾക്കൊപ്പം നീന്തുമ്പോൾ

മാറിവരുന്ന സർക്കാരുകൾക്ക് മുമ്പിൽ അഴിമതി വിരുദ്ധ പ്രതിച്ഛായയിൽ ഏറെ തിളങ്ങിയ ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. കേരള കേഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനായ ഡിജിപി ജേക്കബ് തോമസ് 2017 ഡിസംബര്‍ മാസം മുതല്‍ സസ്പെൻഷനിലാണ്. എൽഡിഎഫ് സർക്കാരിന്റെ തുടക്കകാലത്ത് വിജിലന്‍സ് തലപ്പത്ത് ജേക്കബ് തോമസിന്റെ നിയമനത്തെ മാധ്യമങ്ങളും ജനങ്ങളും ഒരു പോലെ പ്രശംസിച്ചിരുന്നു. പിണറായി സർക്കാരിന്റെ ഏറ്റവും 'ഗ്ലാമർ' നീക്കമായി വാഴ്ത്തി.എന്നാൽ ഇ.പി ജയരാജിന്റെ ബന്ധുനിയമനകേസിൽ ജേക്കബ് തോമസ് പിടിമുറുക്കിയതോടെ സർക്കാരിന് അനഭിമതനായി. 

തുടർന്ന് 2017 ഡിസംബറില്‍ തിരുവനന്തപുരം ഗാന്ധി സ്മാരക നിധി സംഘടിപ്പിച്ച സെമിനാറിൽ നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാരിന്റെ ‘ഓഖി’ രക്ഷാപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു ആദ്യ സസ്പെന്‍ഷന്‍.  ആറു മാസം കഴിഞ്ഞപ്പോള്‍ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകത്തിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് രണ്ടാമത്തെ സസ്പെന്‍ഷനും ലഭിച്ചു. 

ജനവിരുദ്ധനാക്കി ഉമ്മൻചാണ്ടി

എത്ര ഉന്നതനാണെങ്കിലും തുല്യ നീതി ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ജേക്കബ് തോമസ്പറയുന്നു. ടി.ഒ.സൂരജിന്റെ കേസില്‍ സെക്രട്ടറിയേറ്റിനുള്ളിൽ കയറി റെയ്ഡ് നടത്തിയത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അഴിമതിക്കെതിരെ ഒറ്റയാൾ പോരാട്ടമായി ജേക്കബ് തോമസിന്റെ പലനീക്കങ്ങളും വിലയിരുത്തപ്പെട്ടു. 2015-2016 കാലഘട്ടങ്ങളിൽ 3 ഷോക്കോസ് നോട്ടീസുകൾ തുടരെ തന്നത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ്. തന്നെ ജനവിരുദ്ധനാക്കിയത് ഉമ്മൻ ചാണ്ടിയാണന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി നല്ല അടുപ്പത്തിലാണന്നും അദേഹം പറഞ്ഞു.

രാഷ്ട്രീയം

കൂടുതൽ വെളിപ്പെടുത്തലുകൾ ഇപ്പോൾ സാധ്യമല്ല. രാഷ്ട്രീയത്തിൽ വ്യക്തിഹത്യക്ക് തനിക്കുണ്ടായ മോശം അനുഭവങ്ങളെ ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.