കത്തുന്ന ചൂടിൽ തളർന്ന് കുരുന്നുകളുടെ പഠനം

കത്തുന്ന വെയിലില്‍ അലൂമിനിയം ഷീറ്റിനടിയില്‍ കുരുന്നുകളുടെ പഠനം. മലപ്പുറം തിരൂര്‍ കാവിലക്കാടാണ് ഷീറ്റുകൊണ്ടു മറച്ച അംഗന്‍വാടിയില്‍ കുഞ്ഞുങ്ങള്‍ പഠിക്കുന്നത്.  പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യമില്ലാത്തതിനാല്‍  അടുത്തുള്ള വീടുകളെയാണ്  ജീവനക്കാരും കുഞ്ഞുങ്ങളും  ആശ്രയിക്കുന്നത്. 

പതിനേഴ് കുഞ്ഞുങ്ങള്‍ പഠിക്കുന്ന അംഗന്‍വാടിയാണിത്.കോഴിക്കൂടിനേക്കാള്‍ കഷ്ടം. ഒന്നു നിന്നു തിരിയാന്‍ സ്ഥലമില്ല.പുറത്ത് കത്തുന്ന ചൂടാണ്. ഷീറ്റുകൊണ്ട് നിര്‍മിച്ച അംഗന്‍വാടിക്കുള്ളില്‍ കുഞ്ഞുങ്ങള്‍ വെന്തുരുകുകയാണ്. പാട്ടും കളിയും എല്ലാം ഇതിനുള്ളില്‍ തന്നെ

ചൂടു കൂടിയപ്പോള്‍ ഇങ്ങോട്ടു വരുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിലും കുറവു വരുന്നുണ്ട്. പുറത്തൂര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ മൂന്ന് സെന്റ് സ്ഥലം അംഗന്‍വാടിക്കായി സ്വകാര്യ വ്യക്തി സൗജന്യമായി വിട്ടുനല്‍കിയിട്ടുണ്ട്. കെട്ടിടം പണിയാനാവശ്യമായ പണം പൊതുമരാമത്ത് വകുപ്പിന് പഞ്ചായത്ത്  കൈമാറിയതുമാണ്.പക്ഷെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടികാട്ടി കെട്ടിടനിര്‍മാണം വൈകുകയാണ്.

കെട്ടിടം നിര്‍മിക്കാനാവശ്യമായ നടപടി ഇല്ലെങ്കില്‍ ചൂടുകാലം കഴിയുന്നതുവരെയെങ്കിലും സമീപത്തെവിടെയെങ്കിലും  ബദല്‍ സംവിധാനം ഒരുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.