അവസാനത്തെയാൾ പാര്‍ട്ടി ഓഫീസ് പൂട്ടിപ്പോകുമ്പോൾ ലൈറ്റ് ഓഫാക്കണം; ട്രോളി എംഎം മണി

കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയില്‍ ചേർന്നതിനെക്കുറിച്ചുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയ നിറയെ. കേക്ക് മുറിച്ചും ട്രോളുകളുണ്ടാക്കിയും കോൺഗ്രസ് പ്രവർത്തകർ തന്നെ ഇത് ആഘോഷിക്കുകയാണ്. അതിനിടെ വൈദ്യുതി മന്ത്രി എം എം മണിയാണ് വടക്കനെയും കോണ്‍ഗ്രസിനെയും ട്രോളി രംഗത്തെത്തിയിരിക്കുന്നത്. 

അവസാനം പോകുന്നവരോട് ഒരു അഭ്യർഥന, പാർട്ടി ഓഫീസ് പൂട്ടിപ്പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണം. കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും 

"വൈദ്യുതി അമൂല്യമാണ് 

അത് പാഴാക്കരുത്". സേവ് ഇലക്ട്രിസിറ്റി എന്ന ഹാഷ്ടാഗും മണി പങ്കുവെച്ചിട്ടുണ്ട്. 

പുൽവാമ ആക്രമണത്തിൽ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്നാണ് ടോം വടക്കന്റെ വിശദീകരണം. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് ടോം വടക്കൻ തീരുമാനം പ്രഖ്യാപിച്ചത്. 

വടക്കൂന്നും തെക്കൂന്നുമൊക്കെ കോൺഗ്രസിൽ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടിൽപ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണെന്നായിരുന്നു വിടി ബല്‍റാം എംഎൽഎയുടെ വിമർശനം. 

ഇത്രനാൾ ബിജെപിയെ ശക്തമായി വിമർശിച്ച ടോം വടക്കൻ പെട്ടെന്നൊരുനാൾ അതേ പാർട്ടിയിൽ ചേര്‍ന്നത് ട്രോൾ ഗ്രൂപ്പുകളിൽ ആഘോഷമായിരിക്കുകയാണ്. ടോം വടക്കന്റെ മുൻ നിലപാടുകളും ട്വീറ്റുകളുമാണ് ട്രോളിനാധാരം.