മുല്ലപ്പെരിയാർ ഉപസമിതിയുടെ പ്രവർത്തനത്തിൽ തമിഴ്നാടിന് അതൃപ്തി; പ്രശ്നങ്ങൾക്ക് പരിഹാരമില്ല

മുല്ലപ്പെരിയാർ ഉപസമിതിയുടെ പ്രവർത്തനത്തിൽ തമിഴ്നാടിന് അതൃപ്തി. ഉപസമിതിയിൽ ഉന്നയിക്കുന്ന വിഷയങ്ങളിൽ പരിഹാരം ഉണ്ടാകാത്തതാണ്  അതൃപ്തിക്ക് കാരണം. മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശനത്തിന് ശേഷം കുമളിയില്‍  ചേർന്ന യോഗത്തിലാണ് തമിഴ്നാട് ആരോപണം ഉന്നയിച്ചത്.

മുൻകാലങ്ങളിൽ ഉന്നയിച്ച പ്രശ്നങ്ങൾക്ക് യാതൊരു പരിഗണനയും നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട്  പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയത്. യാതൊരു പ്രയോജനവുമില്ലാത്ത ഉപസമിതിയ്ക്ക് എന്ത് പ്രസക്തിയാണുള്ളതെന്നും ഇത്തരത്തിലുള്ള സമിതി ആവശ്യമാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും തമിഴ്നാട്  ആരോപിച്ചു. അണക്കെട്ടിലേയ്ക്കുള്ള വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാത്തതും, വള്ളക്കടവ് റോഡ് ഗതാഗതയോഗ്യമാക്കാത്തതും, ബേബിഡാം ബലപ്പെടുത്തുന്നതിനുള്ള നിർമാണ അനുമതി ലഭിക്കാത്തതുമാണ് തമിഴ്നാടിനെ ചൊടിപ്പിച്ചത്. എല്ലാ യോഗങ്ങളിലും ഉന്നയിക്കുന്ന ഈ മൂന്ന് പ്രശ്നങ്ങൾ സമിതി പരിഗണിക്കുന്നു പോലുമില്ല. എന്നാൽ വനം വകുപ്പിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളു. 

പെരിയാർ കടുവാ സങ്കേതത്തിൽ ഉൾപ്പെട്ട സ്ഥലമായതിനാൽ ഏതു തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾക്കും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും ദേശിയ കടുവ സംരക്ഷണ അതോറിറ്റിയുടെയും അനുമതി അനിവാര്യമാണ്. ഇവരുടെ അനുമതി ലഭിക്കാത്തതിനാലാണ് തമിഴ്നാട് ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയാത്തതെന്ന് സംസ്ഥാന പ്രതിനിധികൾ പറഞ്ഞു.  അണക്കെട്ടിലെത്തിയ സംഘം, സ്പിൽവേ, ബേബി ഡാം, ഗാലറി എന്നിവിടങ്ങിൽ പരിശോധന നടത്തി. സീപേജ് വെള്ളത്തിന്റെ അളവ് മിനിറ്റിൽ 26 ലിറ്ററാണ്. ഇത് ജലനിരപ്പിന് ആനുപാതികമാണെന്ന് സംഘം വിലയിരുത്തി..