ആദിവാസികൾക്കും ദളിതർക്കും വേണ്ടി പോരാടാൻ അവർ മാത്രം; മുത്തങ്ങ സമരം ഓർമ്മപ്പെടുത്തൽ

Muthanga-Violence-choonduviral
SHARE

2003 ഫെബ്രുവരി മാസം. ഞാനന്ന് ബിരുദവിദ്യാർഥി. വയനാട് ജില്ലയിലെ മുത്തങ്ങ കർണടകയുമായി അതിർത്തി പങ്കിടുന്ന ഇടമെന്നല്ലാതെ മറ്റൊന്നും അറിയുമായിരുന്നില്ല. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില് ആദിവാസികളുടെ ഭൂസമരം നടക്കുന്നുവെന്ന വാർത്തകളാണ് അന്ന് മുത്തങ്ങയെക്കുറിച്ച് ശ്രദ്ധിക്കുന്നതിന് കാരണമായത്. ആദിവാസികള് കേരള സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്നും സ്വയംഭരണപ്രദേശം രൂപീകരിച്ചുവെന്നും പിന്നീട് കേട്ടു. 

ഫെബ്രുവരി പത്തൊമ്പതാം തീയതിയായിരുന്നു അത് സംഭവിച്ചത്. കുടിൽ കെട്ടി സമരം ചെയ്യുന്ന ആദിവാസികളെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാനുളള സര്ക്കാര് ശ്രമം വെടിവയ്പിലും അക്രമത്തിലും കലാശിച്ചു. വിനോദെന്നൊരു പൊലീസുകാരന് കൊല്ലപ്പെട്ടു. ജോഗിയെന്നൊരു ആദിവാസി പൊലീസിന്റെ വെടിയേറ്റും മരിച്ചു. 

പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ജോഗിയുടെ മകനെ ഞങ്ങള് കണ്ടു. മാനന്തവാടിക്കടുത്ത് ചാലി ഗദ്ദ കോളനിയിൽ. ശിവന് അന്ന് പതിനാല് വയസേയുളളു. ആദിവാസി അവകാശസമരമുഖങ്ങളിൽ ഇന്ന് ശിവന് സജീവമാണ്. ദീർഘമായൊന്നും സംസാരിച്ചില്ല ശിവൻ. പ്രളയമെടുത്ത പച്ചക്കറിപ്പാടം വീണ്ടെടുക്കുന്നതിനിടയിൽ ഓടി വന്നതാണ്. 2003 ലെ ആ സമരകാലത്തെ കഷ്ടപ്പാടുകള് ശിവന് വ്യക്തമായി ഓർക്കുന്നുണ്ട്.

കൊല്ലപ്പെട്ട പൊലീസുകാരന്റെ വീട്ടിലെന്തേ പോകാത്തത് എന്ന ചോദ്യം ചിലരെങ്കിലും ഉയർത്തിയേക്കാം. പറയാൻ പോകുന്ന വിഷയത്തോട് ബന്ധമില്ലാത്തത് കൊണ്ട് മാത്രമാണ്. അല്ലാതെ അദ്ദേഹത്തോടുളള അനാദരവ് കൊണ്ടല്ല.

പലർക്കും അറിയുന്ന കഥയാണെന്നറിയാം. അറിയുന്ന കഥ പൂർണമായും ശരിയാവണമെന്നില്ല. പുതിയ തലമുറക്ക് ചിലപ്പോൾ അറിയണമെന്ന് തന്നെയില്ല. അതുകൊണ്ട് ഒന്നുകൂടി പറയുകയാണ്. അല്ലെങ്കിലും ഇതിങ്ങനെ ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കണമെന്നാണ് വിചാരിക്കുന്നത്. 

മുത്തങ്ങ വെടിവയ്പിന്റെ പതിനഞ്ചാം വാര്ഷികത്തിന്, കഴിഞ്ഞ വർഷം പോകണമെന്ന് വിചാരിച്ചതാണ്. അന്ന് നടക്കാത്തത് കൊണ്ടാണ് പതിനാറാം വാര്ഷികത്തിന് ഈ യാത്ര.

ആദിവാസികളെ ചൂഷണം ചെയ്യുന്നതിനും അവര്ക്കവകാശപ്പെട്ട വിഭവങ്ങളിൽ നിന്ന് അവരെ ആട്ടിപ്പായിക്കുന്നതിനുമെതിരെ ആദ്യം നടന്ന സമരമല്ല, മുത്തങ്ങ സമരം. തിരുനെല്ലിയില് വെടിയേറ്റ് മരിച്ച നക്സലൈറ്റ് വര്ഗീസടക്കമുളളവര് ഉയര്ത്തിയതും സമാനമായ മുദ്രാവാക്യങ്ങളായിരുന്നു. 

പിന്നെയും പലരും പലതരത്തിൽ ആ സമരത്തെ മുന്നോട്ട് കൊണ്ടുപോയി. എന്നാല് മുത്തങ്ങയിലെ സമരത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ആദിവാസികളെ സഹായിക്കാനെത്തുന്ന പരിഷ്കൃതരുടെ സഹായത്തോടെയും നേതൃത്വത്തിലും നടന്ന സമരമായിരുന്നില്ല അത്. ആദിവാസികള് സ്വന്തം നിലയില് നടത്തിയ, നേതൃത്വം വഹിച്ച വലിയൊരു സമരമായിരുന്നു മുത്തങ്ങയിലേത്.

മുത്തങ്ങ സമരമെന്ന് കേട്ടാലുടൻ മനസിലേക്ക് വരുന്ന രണ്ട് മുഖങ്ങളുണ്ട്. സി കെ ജാനുവിന്റെയും എം ഗീതാനന്ദന്റെയും. പൊലീസിന്റെ ഇടികൊണ്ട് വീര്ത്ത ജാനുവിന്റെ മുഖം അത്രവേഗമൊന്നും കേരളത്തിന് മറക്കാനാവില്ല. പതിനാറ് വര്ഷങ്ങള്ക്കിപ്പുറം ഇരുവരെയും ഞങ്ങള് കണ്ടു. 

കേരളത്തിന്റെ പൊതുബോധത്തില് സൃഷ്ടിക്കപ്പെട്ട മുത്തങ്ങ സമരത്തിന്റെ ചിത്രം കലാപസമാനമായ ഒന്നാകാനാണ് സാധ്യത. വാസ്തവത്തില് അതങ്ങനെയല്ല. അവകാശപ്പെട്ട ഭൂമിയില് പ്രകൃതിയുമായി സഹവസിച്ച് ജീവിക്കാനുളള ആദിവാസികളുടെ അവകാശപ്പോരാട്ടമായിരുന്നു മുത്തങ്ങയിലേത്. ഒരുപാട് കാലമായി നടന്നുവന്ന സമരങ്ങളുടെ സ്വാഭാവികമായ പരിണാമം. ആ സമരത്തെയാണ് നമ്മള് വെടിവെച്ചുകൊന്നത്.

എന്തിനായിരുന്നു മുത്തങ്ങ സമരമെന്ന് ജാനുവും ഗീതാനന്ദനും പറയുമ്പോള് കൂടുതല് തെളിച്ചമുണ്ടാവും. കാരണം ആദിവാസികള്ക്കിടയില് പുതിയൊരൂര്ജവും ആവേശവും പകര്ന്ന സമരമായിരുന്നു മുത്തങ്ങയിലേത്.

മുത്തങ്ങ സമരം കാര്യമായി ആരാലും ആദ്യം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. വാസ്തവത്തില് വനമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നെങ്കിലും തരിശ് ഭൂമിയിലായിരുന്നു ഗോത്രമഹാസഭയുടെ നേതൃത്വത്തില് കുടില് കെട്ടി താമസം തുടങ്ങിയത്. 

മുത്തങ്ങ വനത്തിനുളളിലെ തരിശ് ഭൂമിയിൽ കുടിൽ കെട്ടി വനാവകാശമുറപ്പിച്ച് സ്വയംഭരണവും പ്രഖ്യാപിച്ചപ്പോഴേക്കും നാട് ശ്രദ്ധിച്ച് തുടങ്ങി. മുത്തങ്ങയിലെന്തോ ഒരുങ്ങുന്നുണ്ട്. ആ സ്വയംഭരണപ്രഖ്യാപനത്തെ നാട്, നമ്മുടെ നാട് പക്ഷെ കണ്ടത് കേരളത്തിന്റെ പുരോഗമനനാട്യത്തെ അപ്പാടെ പരിഹാസ്യമാക്കുന്ന രീതിയിലായിരുന്നു. 

ഒരുതരത്തിലുമുളള ചര്ച്ചകള്ക്ക് നമ്മള് തിരഞ്ഞെടുത്ത ഭരണകൂടം തയാറായില്ല. ആ അവഗണന കൂടിയാണ് മുത്തങ്ങ സമരത്തെ വെടിവയ്പിലേക്കും അക്രമത്തിലേക്കും എത്തിച്ചത്. മടുക്കുമ്പോള് എഴുന്നേറ്റ് പൊയ്ക്കൊളളും എന്ന ധാരണയായിരുന്നിരിക്കും സര്ക്കാരിനും ഉദ്യോഗസ്ഥര്ക്കും.

പല തരത്തിലുളള പ്രചാരണങ്ങള് സമരകാലത്തുണ്ടായി. ഭൂമിക്ക് വേണ്ടി സമരം ചെയ്ത ആദിവാസികള് കേരളത്തിന്റെ ശത്രുക്കളായി അവതരിപ്പിക്കപ്പെട്ടു. അവരെ  എല് ടി ടി ഇയും, ഉള്ഫയുമാക്കെയാക്കി. നക്സലൈറ്റ് ചാപ്പ ആദ്യം മുതലേ ഉണ്ടായിരുന്നു. 

ദൗര്ഭാഗ്യകരമായ സംഭവങ്ങള് ഫെബ്രുവരി പത്തൊമ്പതിനാണ് ഉണ്ടായത്. വനത്തില് സമരം ചെയ്ത വനവാസികളെ വനത്തില് നിന്നിറക്കാന് സംസ്ഥാന സര്ക്കാര് പദ്ധതി തയ്യാറാക്കി. പൊലീസ് ബലപ്രയോഗത്തിനെതിരെ ആദിവാസികളുടെ ചെറുത്തുനില്പുമുണ്ടായി. ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു. പൊലീസ് വെടിവെച്ചു. സമരത്തിലായിരുന്ന ജോഗി പൊലീസ് വെടിവയ്പില് കൊല്ലപ്പെട്ടു. 

പൊലീസും നാട്ടുകാരെന്നവകാശപ്പെടുന്നവരും ചേര്ന്ന് നടത്തിയ ക്രൂരമായ നരവേട്ടയുടെ ദിവസങ്ങളായിരുന്നു പിന്നീട്. എ കെ ആന്റണിയായിരുന്നു അന്ന് മുഖ്യമന്ത്രിയും പൊലീസ് മന്ത്രിയും. കെ സുധാകരന് വനംവകുപ്പ് മന്ത്രി.

പൊലീസ് പോകട്ടെ. നാട്ടുകാരെന്നവകാശപ്പെടുന്നവര് ആദിവാസികളെ ശത്രുക്കളാക്കി നടത്തിയ പ്രവര്ത്തനങ്ങള് കേരളത്തിന്റെ പൊതുബോധത്തിന്റെ രോഗാതുരതയുടെ ഏറ്റവും വലിയ തെളിവാണ്, അന്നും ഇന്നും.

പിടിക്കപ്പെട്ട ആദിവാസികളത്രയും, ജാനുവും ഗീതാനന്ദനുമടക്കമുളളവര് ക്രൂരമായ മര്ദ്ദനത്തിനിരയായി. അതെക്കുറിച്ച് പതിനാറ് വര്ഷങ്ങള്ക്കിപ്പുറം ഗീതാനന്ദനോട് ചോദിച്ചു.

ആദിവാസിസമൂഹം ഇനി മേലില് ഒരുതരത്തിലുമുളള ചെറുത്തിനില്പിനും അവകാശസമരത്തിനും മുതിരരുത് എന്ന വാശിയുണ്ടായിരുന്നു മുത്തങ്ങ സമരം അടിച്ചമര്ത്താനുളള ഭരണകൂടവ്യഗ്രതക്ക് പിന്നില്. 

ആദിവാസി ഗോത്രമഹാസഭ തിരുവനന്തപുരത്ത് നടത്തിയ സമരത്തിന് പിന്നാലെ നടത്തിയത് പോലെയുളള വാഗ്ദാനങ്ങള് മുത്തങ്ങ വെടിവയ്പിനും ആദിവാസിവേട്ടക്കും ശേഷവും ആവര്ത്തിച്ചു. കുറെയൊക്കെ കാര്യങ്ങള് നടന്നു എന്നത് ശരിയാണ്.

അതെ, മുത്തങ്ങയിലെ സാഹസമില്ലായിരുന്നെങ്കില് ഇത്രപോലും നടക്കില്ലായിരുന്നു. എന്നിട്ടുമിപ്പോഴും ഭൂമിക്ക് വേണ്ടി ആദിവാസികള് നാടെങ്ങും സമരത്തിലാണ്. സമരത്തില് ഗോത്രമഹാസഭക്ക് പിന്നാലെ പല സംഘടനകളും ഒപ്പം കൂടി. 

ഭൂമിയില്ലാത്തതല്ല പ്രശ്നം. കേന്ദ്രവനം പരിസ്ഥിതി വകുപ്പ് ആദിവാസികള്ക്ക് വിതരണം ചെയ്യാന് അനുവദിച്ച ഭൂമിക്ക് മുകളിലും സംസ്ഥാനസര്ക്കാര് തീരുമാനമെടുക്കാതെ അടയിരിക്കുകയാണ്.

എല്ലാ പ്രത്യക്ഷനേട്ടങ്ങള്ക്കുമപ്പുറത്താണ് മുത്തങ്ങ സമരം മുന്നോട്ട് വെച്ച രാഷ്ട്രീയം. കേരളത്തിലെ ആദിവാസികളുടെ ഭൂമിപ്രശ്നം ലോകമെങ്ങും ചർച്ചയായി. അടിസ്ഥാനവര്ഗത്തിന്റെ ഭൂമിക്ക് മേലുളള മൗലികാവകാശം തര്ക്കങ്ങളില്ലാതെ അംഗീകരിക്കപ്പെടേണ്ടതാണെന്ന രാഷ്ട്രീയശരി മുത്തങ്ങ സമരത്തിന്റെ സംഭാവനയാണ്.

കേരളത്തില് മാത്രം ചെങ്ങറയിലടക്കം നിരവധി ഭൂമസമരങ്ങള് നടന്നു. അതിനെല്ലാം പ്രചോദനം മുത്തങ്ങ സമരമായിരുന്നു. തങ്ങളല്ലാതെ തങ്ങള്ക്ക് വേണ്ടി പോരാടാന് മറ്റാരുമുണ്ടാവില്ലെന്ന് ആദിവാസികളെയും ദളിതരെയും ആവര്ത്തിച്ചോര്മിപ്പിക്കാന് മുത്തങ്ങ സമരത്തിനായി. വിശാലമാനവികതയുടെ പൊതുബോധപ്രസംഗങ്ങള് പലപ്പോഴും കപടനാട്യമാണെന്നും മുത്തങ്ങ സമരം ഓര്മിപ്പിച്ചു.

അതുകൊണ്ടാണ് ഞങ്ങള് മുത്തങ്ങക്ക് പോയത്. മുത്തങ്ങ സമരം ഒരു പാഠ്യപദ്ധതിയാണ്. നമ്മുടെ കുട്ടികള് ആ സമരചരിത്രം പഠിക്കേണ്ടതുണ്ട്. ആ സമരത്തെ വെടിവെച്ച് തോല്പിച്ച് മുത്തങ്ങയെ വിമോചിപ്പിക്കുക എന്ന പിഴവില് ഭരണകൂടം മാത്രമല്ല, കേരളത്തിന്റെ സോ കോള്ഡ് പൊതുബോധവും പ്രതിചേര്ക്കപ്പെടേണ്ടതുണ്ട്.

MORE IN KERALA
SHOW MORE