കണ്ണൂർ രജിസ്ട്രേഷൻ ജീപ്പിൽ ആര്? കൊല്ലണ്ടവരെ ചൂണ്ടിക്കാട്ടിയത് സിപിഎം നേതാവ്?

റോ‍ഡരികിൽ ബൈക്ക് മറിഞ്ഞിരിക്കുന്നതു കണ്ടു നാട്ടുകാർ നടത്തിയ തിരച്ചിലിലാണു ശരത് അബോധാവസ്ഥയിൽ രക്തം വാർന്നുകിടക്കുന്നതു കണ്ടത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽനിന്നു മംഗളൂരുവിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. ഒപ്പം കൃപേഷും ഉണ്ടായിരുന്നുവെന്ന് അറിഞ്ഞു വീണ്ടും തിരച്ചിൽ നടത്തി. 150 മീറ്റർ അകലെ കുറ്റിക്കാട്ടിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയ പൊലീസ് ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെട്ടുകൊണ്ടു വീടു ലക്ഷ്യമാക്കി ഓടുന്നതിനിടെ കൃപേഷ് വീണുപോകുകയായിരുന്നുവെന്നു കരുതുന്നു. 

കൃപേഷിന്റെ തലയിൽ മഴു പോലുള്ള ആയുധത്തിന്റെ വെട്ടേറ്റ് 13 സെന്റിമീറ്റർ ആഴത്തിൽ മുറിവേറ്റു. തലച്ചോർ പിളർന്നിരുന്നു. ശരീരത്തിൽ വാൾ ഉപയോഗിച്ചുള്ള വെട്ടുമുണ്ട്. ശരത് ലാലിന്റെ ശരീരത്തിൽ ചെറുതും വലുതുമായ 20 വെട്ടേറ്റു. പകുതിയിലധികവും കാൽമുട്ടിനു താഴെ. മൂർച്ചയേറിയ വാളുപയോഗിച്ചു നെറ്റിയിൽ വെട്ടിയതിനാൽ 23 സെൻറ്റീമീറ്റർ നീളത്തിലുള്ള പരുക്കും മഴു പോലുള്ള കനമുള്ള ആയുധത്താൽ വലതു ചെവി മുതൽ കഴുത്തു വരെയുള്ള ആഴത്തിലുള്ള പരുക്കും മരണ കാരണമായി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്നു പൊലീസിനു കൈമാറും.

പെരിയ കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിനുള്ള സംഘാടകസമിതി യോഗത്തിൽ ഞായറാഴ്ച ശരത്‌ലാലും കൃപേഷും പങ്കെടുത്തിരുന്നു. കണ്ണൂർ റജിസ്ട്രേഷൻ ജീപ്പിലെത്തിയ സംഘം ഈ സ്ഥലത്തുണ്ടായിരുന്നു. ഇവരെ സംഘാടകർക്കു പരിചയമില്ല. സിപിഎം പ്രാദേശിക നേതാവ് ശരത്‌ലാലിനെയും സംഘത്തെയും  ജീപ്പിലെത്തിയവർക്കു ചൂണ്ടിക്കാണിച്ചുകൊടുത്തിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിനുശേഷം സംഘം കാഞ്ഞിരടുക്കത്തെ ഒരു വീട്ടിൽ പോയി വസ്ത്രം മാറിയ ശേഷമാണു മടങ്ങിയതെന്നും സൂചനകളുണ്ട്. ഈ സമയം സിപിഎം  പ്രാദേശിക നേതാവിന്റെ മകൻ ഈ വീടിനടുത്തുകൂടി ബൈക്കിൽ  അമിത വേഗത്തിൽ പോയതും അന്വേഷിക്കുന്നുണ്ട്. 

സംഭവസ്ഥലത്തു നിന്നു കണ്ടെടുത്ത മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. 4 മൊബൈൽ ഫോണുകളാണു കൊലപാതകം നടന്ന സ്ഥലത്തു നിന്നു പൊലീസ് കണ്ടെടുത്തത്. ഇതിൽ രണ്ടെണ്ണം ശരത്‍ലാലിന്റെയും ഒരെണ്ണം കൃപേഷിന്റെയുമാണെന്നു തിരിച്ചറിഞ്ഞു. ശേഷിക്കുന്ന ഫോൺ പ്രതികളുടേത് ആയിരുക്കുമെന്ന സംശയത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തുന്നുണ്ട്. കൊലപാതകത്തിനുപയോഗിച്ചതെന്നു കരുതുന്ന വടിവാളിന്റെ പിടിയും സംഭവസ്ഥലത്തു നിന്നു കണ്ടെടുത്തിട്ടുണ്ട്. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അരുംകൊല ചെയ്യപ്പെട്ട സംഭവത്തിൽ കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി നേതാക്കളെ ഫോണിൽ വിളിച്ച് ദുഃഖം പങ്കുവച്ചു. പിന്നീട് കുടുംബാംഗങ്ങളോട് സംസാരിക്കുമെന്നും രാഹുൽ അറിയിച്ചു.