15കാരിയെ വനത്തിനുളളിൽ പീഡിപ്പിക്കാൻ ശ്രമം; ഷഫീഖ് അൽഖാസിമിയെ പുറത്താക്കി

shafeeq-al-qasimi
SHARE

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്ന്  പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍ നിന്നും പുറത്താക്കി. ഓള്‍ ഇന്ത്യന്‍ ഇമാം കൗണ്‍സില്‍ ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായി ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലില്‍ നിന്ന് സസ്പെന്റ് ചെയ്യുന്നതായി ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചുവെങ്കിലും കുറിപ്പിൽ കാരണം വ്യക്തമാക്കിയിരുന്നില്ല. 

എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി വനത്തിനുളളില്‍ വെച്ച് പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടിയെന്നും സംഭവത്തെകുറിച്ച് വിശദമായി അന്വേഷിച്ചശേഷം ആരോപണങ്ങള്‍ ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ജമാഅത്ത് കമ്മിറ്റിയിലെ എല്ലാവരുടെയും പിന്തുണയോടെ ഷഫീഖ് അല്‍ ഖാസിമിയെ നീക്കം ചെയ്തതെന്നും തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് ബാദുഷാ അറിയിച്ചു.

ദിവസങ്ങൾക്ക് മുൻപ് ഉച്ചസമയത്ത് ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന 15 കാരിയായ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തിൽ 15 കാരിയെ ഖാസിമിയോടോപ്പം കണ്ടതിനെ തുടർന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍  വാഹനം തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പള്ളി ഭാരവാഹികളെ വിവരം അറിയിച്ചു. ഇവര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മൗലവിയുടെ പെരുമാറ്റത്തിലും പ്രവൃത്തിയിലും ദുരൂഹത തോന്നി. ഇതിന് പിന്നാലെയാണ് ഇമാംസ് കൗണ്‍സിലും അച്ചടക്ക നടപടി സ്വീകരിച്ചത്.

പെൺകുട്ടി സ്കൂൾ യൂണിഫോമായിരുന്നു ധരിച്ചിരുന്നത്. സമീപപ്രദേശത്തുളള ഒരു കുട്ടിയാണ് വിവരം തൊഴിലുറുപ്പു തൊഴിലാളികളെ അറിയിച്ചത്. ഇവര്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് രക്ഷിക്കണമെന്ന് വിളിച്ചു. പൊലീസില്‍ അറിയിക്കരുതെന്നും പറഞ്ഞു. ആ കുട്ടി ആരാണെന്ന് ചോദിച്ചപ്പോള്‍, ഭാര്യ എന്നായിരുന്നു ഉസ്താദ് മറുപടി പറഞ്ഞത്. ഇത്രയും പ്രായമുളള നിങ്ങളുടെ ഭാര്യയാണോ ഈ കുട്ടിയെന്ന് പറഞ്ഞ് സ്ത്രീകൾ ഉസ്താദിനെതിരെ തട്ടികയറുകയും െചയ്തു.  

ധൃതിയിൽ വണ്ടി പിറകോട്ട് എടുത്തപ്പോൾ അവിടെയുണ്ടായിരുന്ന കുറ്റിയിൽ തട്ടി  കാറിന്റെ പുറകുവശം പൊട്ടിയതായി കണ്ടെത്തിയിരുന്നു. അവിടെയുള്ള യുവാക്കള്‍ വിതുര വരെ വണ്ടിയുടെ പിന്നാലെ എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

MORE IN KERALA
SHOW MORE