‘25കാരൻ 48കാരിയെ കല്യാണം കഴിച്ചെ’ന്ന് നെറികെട്ട പ്രചാരണം; ദമ്പതികള്‍ക്ക് അധിക്ഷേപം

ശരീരത്തിന്റെയോ നിറത്തിന്റെയോ വസ്ത്രത്തിന്റെയും ഒക്കെ പേരിൽ പലരും ബോഡി ഷെയിമിങ്ങിന് ഇരയാകാറുണ്ട്. കറുത്തവരെയും ആകാരഭംഗിയില്ലാത്തവരെയും പരിഹസിക്കുന്നത് സമൂഹമാധ്യമങ്ങളിൽ പതിവുമാണ്. കണ്ണൂർ ചെറുപുഴയിൽ നടന്ന ഒരു കല്യാണവും സമൂഹമാധ്യമങ്ങളിലെ പരിഹാസവും ആണ് ആ കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. 

പത്രത്തിലെ വിവാഹപരസ്യമാണ് വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും പരിഹാസമായി മാറിയത്. 25 കാരൻ 48 കാരിയെ വിവാഹം കഴിച്ചുവെന്ന വ്യാജ തലക്കെട്ടിലാണ് ഈ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ ഒരു കൂട്ടർ പ്രചരിപ്പിച്ചത്. പണം മോഹിച്ചാണ് സുന്ദരനായ വരൻ പ്രായം കൂടിയ വധുവിനെ വിവാഹം കഴിച്ചതെന്നും പണം കണ്ടപ്പോൾ ചെറുക്കന്റെ കണ്ണ് മഞ്ഞളിച്ചുവെന്നും സമൂഹമാധ്യമങ്ങളിലെ ഒരു വിഭാഗം വാർത്ത ചമച്ചു. നെറികെട്ട ഭാഷയിലുള്ള അധിക്ഷേപങ്ങളാണ് ഇവര്‍ക്കെതിരെ പടച്ചുവിടുന്നത്. 

വ്യാജ വാർത്തകൾ ഏറ്റവുമധികം വേദനിപ്പിച്ചത് വധുവിന്റെയും വരന്റെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ്. ചെറുപുഴയില്‍ കേറ്ററിംഗ് സ്ഥാപനം നടത്തുന്ന അനൂപ് സെബാസ്റ്റ്യാനും ജൂബി ജോസഫും തമ്മിലുള്ള വിവാഹത്തിനുശേഷമാണ് അനാരോഗ്യകരമായ സൈബര്‍ ആക്രമണം നടന്നത്.

പഞ്ചാബ് യൂണിവേഴ്‌സിറ്റിയും പഠിക്കുമ്പോൾ പ്രണയബന്ധിതരായ അനൂപും ജൂബിയും ഫെബ്രുവരി 4–ാം തീയതി വിവാഹിതരാകുകയായിരുന്നു. ചെറുപുഴയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ചെമ്പന്‍ തൊട്ടിയിലാണ് വധുവായ ജൂബിയുടെ വീട്. ജൂബി ഇപ്പോള്‍ ദുബായ് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്നു. തങ്ങളെ പറ്റി പല കഥകൾ ആളുകൾ ചമയ്ക്കുന്നുണ്ടെന്നും ഇതെല്ലാം ദുഖമുണ്ടാക്കുന്നുവെന്നും ഇരുവരും പറയുന്നു. തങ്ങള്‍ ആരെയും ദ്രോഹിക്കാന്‍ വരുന്നില്ലെന്നും ജീവിക്കാൻ അനുവദിക്കണമെന്നും ഇവർ അഭ്യർത്ഥിക്കുന്നു.