പ്ലാന്റേഷൻ കോർപറേഷന്‍ അഴിമതിയാരോപണം: കൊമ്പുകോർത്ത് സിഐടിയുവും എഐടിയുസിയും

സിപിഐ ഭരിക്കുന്ന പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷൻ കോർപറേഷനിൽ അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് സിഐടിയുവും എഐടിയുസിയും കൊമ്പുകോർക്കുന്നു. വൻ അഴിമതികളുടെ പേരിൽ അഞ്ചുമാസം മുൻപ്  സസ്‌പെൻഷനിലായ  ജനറൽ മാനേജർക്ക് അതേ തസ്തിക തിരികെ നൽകാനുള്ള നീക്കം നടക്കുന്നു എന്നാരോപിച്ച് സിഐടിയു പക്ഷം പരസ്യമായി രംഗത്തുവരികയാണ്. ഇന്ന് ഡയറക്ടർ ബോർഡ് യോഗം നടക്കാനിരിക്കെ ഇത് ഗുരുതര പ്രതിസന്ധിയാകും. 

പ്ലാന്റഷൻ കോർപറേഷന്റെ കാസർകോട് എസ്റ്റേറ്റ് വക ഭൂമി സ്വകാര്യ വ്യക്തികൾ കൈവശപ്പേടുത്തിയത് മുതൽ റബ്ബർ വിറ്റഴിച്ചതിലെ വൻ ക്രമക്കേട് വരെ വിവിധ കുറ്റങ്ങൾ ചുമത്തിയാണ് ജസ്റ്റസ് കരുണാ രാജൻ എന്ന എസ്റ്റേറ്റ് മാനേജരെ സസ്‌പെൻഡ് ചെയ്തത്. സെയിൽസിന്റെ ഉത്തരവാദിത്തമുള്ള ജനറൽ മാനേജറുടെ ചുമതലയാണ് അന്ന് വഹിച്ചിരുന്നത്. ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അഞ്ചുമാസങ്ങൾക്ക് ഇപ്പുറവും പൂർത്തിയായിട്ടില്ല. എന്നാൽ അഴിമതിക്ക് കളമൊരുക്കിയ അതേ തസ്തികയിലേക്ക് ഉദ്യോഗസ്ഥനെ തിരികെ എത്തിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇതിന്റെ പേരിലാണ് പ്ലാന്റേഷനിലെ പ്രബലമായ സിഐടിയു പക്ഷം സമരമുഖം തുറക്കുന്നത്. സിപിഐ തൊഴിലാളി സംഘടനയായ എഐടിയുസിയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയായ പ്ലാന്റഷൻ ചെയർമാൻ ജെ ഉദയഭാനു ആണ് അഴിമതിക്ക് കുട പിടിക്കുന്നതെന്ന് പേരെടുത്തു തന്നെയാണ് വിമർശനം. 

പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് എസ്റ്റേറ്റ് മാനേജറായി ജസ്റ്റസ് കരുണാ രാജനെ തിരിച്ചെടുക്കാനായിരുന്നു ആദ്യ തീരുമാനം, ഉത്തരവും ഇറക്കി, എന്നാൽ പൊടുന്നനെ അത് റദ്ദാക്കിയാണ് മുൻപ് വഹിച്ച അതേ ഉയർന്ന തസ്തികയിൽ തന്നെ നിയമിക്കാൻ നീക്കം തുടങ്ങിയത്. അന്വേഷണം പോലും പൂർത്തിയാകും മുൻപേ തിടുക്കത്തിലുള്ള ഈ നീക്കത്ത്തിൽ സിഐടിയു എതിർപ്പ് അറിയിച്ചു കഴിഞ്ഞു. ഇന്ന് ചേരുന്ന ഡയറക്ടർ ബോർഡിൽ വിയോജനക്കുറിപ്പ് എഴുതി തന്നെ നൽകും. എന്നിട്ടും നടപടിയുമായി മുന്നോട്ടു പോയാൽ പരസ്യ പ്രതിഷേധത്തിനാണ് സിഐടിയു പക്ഷത്തിന്റെ തീരുമാനം. മുന്നണി മര്യാദയുടെ പ്രശ്നമില്ല, അഴിമതിക്ക് കളമൊരുക്കാനുള്ള നീക്കത്തെ ഏതു വിധേനയും എതിർക്കുമെന്നാണ് വിശദീകരണം.