മയ്യഴിയുടെ കഥാകാരന് ജന്മനാടിന്റെ ആദരം; പുഴയോരത്ത് 'മുകുന്ദായനം'

എഴുത്തച്ഛൻ പുരസ്കാരം നേടിയ മയ്യഴിയുടെ കഥാകാരന് ജന്മനാടിന്റെ ആദരം. മുകുന്ദായനം എന്ന പേരിൽ എം.മുകുന്ദന്റെ കഥാപാത്രങ്ങളെ മയ്യഴിപുഴയോരത്ത് പുനരാവിഷ്കരിച്ചാണ് ആദരം നൽകിയത്.

ഫ്രഞ്ച് ഭരണകാലത്തെ മയ്യഴിയെ മുകുന്ദന്റെ കഥയുടെ പിൻബലത്തിൽ മാഹി ജനത പുനർജനിപ്പിച്ചു. കലാസംവിധായകൻ സന്തോഷ് രാമനൊരുക്കിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ മുകുന്ദന്റെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. അങ്ങനെ ലസ്ളി സായ്വും, മദാമ്മയും ദാസനും ചന്ദ്രികയും കുറുമ്പിയമ്മയുമെല്ലാം വീണ്ടും മുകുന്ദന്റെ മുൻപിലെത്തി. ശബ്ദവും വെളിച്ചവുമെല്ലാം  വെളളിയാങ്കല്ലിലെത്തിയെന്ന് മയ്യഴി ജനത വിശ്വസിക്കുന്നു.  

ദാസന്റെയും ചന്ദ്രികയുടെയും മരണാനന്തര കല്യാണമാണെനായിരുന്നു സ്വീകരണത്തിന് മുകുന്ദൻ നൽകിയ വർണന. ചെറിയ മനുഷ്യരാണ് നാടിന്റെ സമ്പത്തെന്ന് എഴുത്തിലൂടെ പറഞ്ഞ മുകുന്ദൻ വാക്കിലൂടെയും അത് ആവർത്തിച്ചു. 

സബർമതി ഇന്നവേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. പുതുച്ചേരി സ്പീക്കർ ഉൾപ്പടെയുള്ള പ്രമുഖരും മയ്യഴിയുടെ തീരത്തെത്തി.