നാവികസേന ഹെലികോപ്ടര്‍ സ്കൂൾ മൈതാനത്ത്; കാണാൻ നൂറുകണക്കിനാളുകള്‍

നിരീക്ഷണപ്പറക്കലിനിടെ യന്ത്രത്തകരാറിലായ നാവികസേനയുടെ ഹെലികോപ്ടര്‍ ആലപ്പുഴ ചമ്മനാട് സ്കൂള്‍ മൈതാനത്ത് ഇറക്കി. കൊച്ചി ദക്ഷിണ നാവികസേനയുടെ വൈമാനികനായ ലെഫ്റ്റനന്റ് ക്യാപ്റ്റന്‍ സി.ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. 

എറണാകുളം, ആലപ്പുഴ ജില്ലകളുടെ തീരമേഖലകളില്‍ നിരീക്ഷണപ്പറക്കല്‍ നടത്തുന്നതിനിടെയാണ് യന്ത്രത്തകരാര്‍ മൂലം ഹെലികോപ്റ്റര്‍ താഴെ മൈതാനത്തേക്ക് പറന്നിറങ്ങിയത്. ഹെലികോപ്റ്റര്‍ ഇറങ്ങിയ വാര്‍ത്ത കേട്ട് നൂറുകണക്കിനാളുകളാണ് മൈതാനത്ത് തടിച്ചുകൂടിയത്. 

തുടര്‍ന്ന് നാവികസേനാ ആസ്ഥാനത്തുനിന്ന് മറ്റൊരു ഹെലികോപ്റ്ററിലെത്തിയ സംഘം സാങ്കേതികത്തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.