വര്‍‌ഗീയത പറഞ്ഞ സുഗതനുണ്ട്; വനിതകളില്ല: വനിതാ മതില്‍ ഉയരുംമുന്‍പേ തിരിച്ചടി

ശബരിമല സമരത്തിന്റെ പശ്ചാത്തലത്തില്‍ നവോത്ഥാന മൂല്യങ്ങളുയര്‍ത്തി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിത മതിലിന് തുടക്കത്തിലെ തിരിച്ചടി. കടുത്ത വര്‍ഗീയ നിലപാടുകളുടെ ഉടമയായ സി.പി. സുഗതനെ സംഘാടക സമിതിയിലുള്‍പ്പെടുത്തിയതും വനിതകളെ ഉള്‍പ്പെടുത്താത്തതുമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. എന്നാല്‍ സി.പി. സുഗതനെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. അതിനിടെ യുവതി പ്രവേശമാണ് ലക്ഷ്യമെങ്കില്‍ കൂട്ടായ്മയില്‍ നിന്ന് പിന്‍മാറുന്നതായി കേരള ബ്രാഹ്മണ സഭയും വി.എസ്.ഡി.പിയും അറിയിച്ചു. 

തുലാമാസ പൂജ സമയത്ത് വനിത മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് പമ്പയില്‍ നടന്ന സമരത്തില്‍ ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി. സുഗതന്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണിത്. ഹാദിയ വിഷയത്തിലും യുവതി പ്രവേശത്തിലും കടുത്ത നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിച്ച ചരിത്രവുമുണ്ട്. എന്നാല്‍ നവോത്ഥാന മൂല്യ സംരക്ഷണത്തിനുള്ള വനിത മതിലിന്റെ സംഘാടക സമിതിയെ മുഖ്യമന്ത്രി തിരഞ്ഞെടുത്തപ്പോള്‍ ഇദേഹം ജോയിന്റ് കണ്‍വീനറായി. വിമര്‍ശനങ്ങളുയര്‍ന്നിട്ടും ന്യായീകരിക്കുകയാണ് സര്‍ക്കാര്‍. 

എന്നാല്‍ യുവതിപ്രവേശത്തെ അനുകൂലിക്കില്ലെന്നും അങ്ങിനെയെങ്കില്‍ പിന്‍മാറുമെന്നും പറഞ്ഞ് സി.പി. സുഗതന്‍ സര്‍ക്കാരിനെ തള്ളി.   നവോത്ഥാന ആശയങ്ങളുടെ പേരില്‍ യോഗം വിളിച്ച് രാഷ്ട്രീയനേട്ടം കൊയ്യുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോപിച്ച് സംഘാടകസമിതിയിലുള്ള വി.എസ്.ഡി.പിയും കേരള ബ്രാഹ്മണ സഭയും പിന്‍മാറാന്‍ തീരുമാനിച്ചു. 

ഇതോടൊപ്പം വനിതാ ഉന്നമനം ലക്ഷ്യമിട്ടുള്ള കൂട്ടായ്മയുടെ നേതൃനിരയില്‍ ഒരു വനിതയെ പോലും ഉള്‍പ്പെടുത്തതിനെ സി.പി.എം നേതാക്കള്‍ തന്നെ വിമര്‍ശിച്ചിട്ടുണ്ട്.. ഇതോടെ സംഘാടകസമിതിയുടെ യോഗം മുഖ്യമന്ത്രി വിളിച്ചു. വിമര്‍ശനങ്ങളുയരുകയും സംഘടനകള്‍ പിന്‍മാറുകയും ചെയ്തതോടെ നേതൃനിരയിലുള്ള എസ്.എന്‍.ഡി.പിയും കെ.പി.എം.എസിന്റെയും നിലപാട് നിര്‍ണായകമാവും.