പി.കെ. ശശി നയിക്കുന്ന സിപിഎം കാൽനട പ്രചാരണ ജാഥയ്ക്ക് തുടക്കം

പികെ ശശി എംഎൽഎ നയിക്കുന്ന സിപിഎമ്മിന്റെ കാൽനട പ്രചാരണ ജാഥ പാലക്കാട്ടെ ഷൊർണൂർ മണ്ഡലത്തിൽ പര്യടനം തുടങ്ങി.  ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ ലൈംഗീക പീഡന പരാതിയിൽ പാർട്ടി തീരുമാനം നാളെ വരാനിരിക്കെയാണ് എംഎൽഎ ജാഥ നയിക്കുന്നത്. 

  ശ്രീകൃഷ്ണപുരം അടയ്ക്കാ പുത്തൂരിൽ നിന്ന് തുടങ്ങിയ കാൽനട പ്രചാരണ ജാഥ നാലു ദിവസം ഇരുപതു സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഞായറാഴ്ച ഷൊർണൂരിൽ സമാപിക്കും. ശബരിമല വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കിയാണ് ജനമുന്നേറ്റ ജാഥ കടന്നു പോകുന്നത്. 

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ലൈംഗീകപീഡന പരാതിയില്‍ ആരോപണവിധേയനായ എംഎല്‍എ മണ്ഡലത്തില്‍ ജാഥ നയിക്കുന്നത് പാർട്ടിക്കുള്ളിലും ചർച്ചയാണ്. ശശിക്കെതിരെ നേരത്തെ എതിർപ്പ് പ്രകടിപ്പിച്ച ചെർപ്പുളശേരി ഏരിയാ കമ്മിറ്റി മേഖലയിലാണ് ഇന്ന് പര്യടനം. ശശിക്കെതിരെയുളള പാര്‍ട്ടിയുടെ അന്വേഷണം പൂര്‍ത്തിയായതിനാല്‍ നാളെ ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാനസമിതിയും അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്യും. എന്നാൽ മണ്ഡല പര്യടനം തുടരുന്നതിനിടെ എംഎൽഎക്കെതിരെ നടപടി കാര്യത്തിൽ തീരുമാനം ഉണ്ടാകില്ലെന്നും സൂചനയുണ്ട്.