ശബരിമലയിൽ നിയന്ത്രണങ്ങൾ തുടരും: വിട്ടുവീഴ്ച്ച വേണ്ടെന്ന് ഡിജിപി

സന്നിധാനത്തും ,പമ്പയിലും, നിലയക്കലിലും ഉള്ള കര്‍ശന നിലപാടില്‍ വിട്ടുവീഴ്ച വേണ്ടെന്നു ഡി.ജി.പിയുടെ നിര്‍ദേശം. ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ സംഘം ചേര്‍ന്നെത്തിയാല്‍ ജാമ്യമില്ലാത്ത വകുപ്പു പ്രകാരം അറസ്റ്റ് ചെയ്യുന്നത് തുടരും. അതേസമയം ശബരിമലയിലെ നിയന്ത്രണങ്ങളടക്കം ചര്‍ച്ച ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്നു ചേരും

ശബരിമലയില്‍ തുലാമാസ പൂജ സമയത്തും, ചിത്തിര ആട്ടവിളക്ക് സമയത്തും കുഴപ്പങ്ങള്‍ ഉണ്ടാക്കിയവര്‍ തന്നെയാണ് ഇപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ടു തന്നെ നിയന്ത്രണങ്ങളിലും,കര്‍ശന നിലപാടിലും ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് നിലവിലെ തീരുമാനം. ഇക്കാര്യം ഡി.ജി.പി ചുമതലയുള്ള എസ്.പി, ഐ.ജിമാരെ അറിയിച്ചിട്ടുണ്ട്. ആര്‍.എസ്.എസ്.,ബി.ജെ.പി നേതാക്കളുടെ വരവ് അതാത് സ്റ്റേഷന്‍ പരിധികളില്‍ അന്വേഷിക്കണം. നിലയ്ക്കലെത്തുമ്പോള്‍ തന്നെ പൊലീസ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും, സന്നിധാനത്തേക്ക് പോകണമെന്നു നിര്‍ബന്ധം പിടിച്ചാല്‍ കെ.സുരേന്ദ്രനോടും,കെ.പി ശശികലയോടും സ്വീകരിച്ച നിലപാടു തന്നെ തുടരും. 

പ്രമുഖ ആര്‍.എസ്.എസ്,ബി.ജെ.പി നേതാക്കളുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളും പൊലീസ് പരിശോധിക്കും. ആവശ്യമെങ്കില്‍ കേസെടുക്കാന്‍ സൈബര്‍സെല്ലിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കര്‍ശന നിയന്ത്രണങ്ങളില്‍ തീര്‍ഥാടക വരവില്‍ കുറവുണ്ടായത് ദേവസ്വം ബോര്‍ഡില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇതില്‍ എന്തെല്ലാം വിട്ടുവീഴ്ച കളാണ് വേണ്ടതെന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബോര്‍ഡ് ഇന്നു യോഗം ചേരും