വാഗ്ദാനം പാഴായി; മുത്തങ്ങ സമരക്കാർക്ക് ഭൂമി ലഭിച്ചില്ല

മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത പകുതിയിലധികം കുടുംബങ്ങള്‍ക്കും വാഗ്ദാനം ചെയ്യപ്പെട്ട ഭൂമി ലഭിച്ചില്ല. 166 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇതുവരേക്കും കൈവശാവകാശ രേഖ ലഭിച്ചത്. ചിലര്‍ക്ക് കിട്ടിയത് വാസയോഗ്യമല്ലാത്ത ഭൂമിയാണെന്നും ആക്ഷപമുണ്ട്. ആദിവാസി ഗോത്രസഭ സര്‍ക്കാരിന് കൊടുത്തകണക്ക് പ്രകാരം 613 പേര്‍ക്കാണ് ഭൂമി ലഭ്യമാക്കേണ്ടത്.

ആദ്യഘട്ടമെന്ന നിലയില്‍ സ്ഥലവും വീടുമില്ലാത്ത 283 കുടുംബങ്ങള്‍ക്കാണ് കൈവകാവകാശ രേഖയും ഭൂമിയും നല്‍കാന്‍ തീരുമാനിച്ചത്. ഒരോ കുടുംബത്തിനും ഒരേക്കറായിരുന്നു നിശ്ചയിച്ചത്. ബത്തേരി മാനന്തവാടി വൈത്തിരി താലൂക്കുകളില്‍ ഭൂമി കണ്ടെത്തുകയും ചെയ്തു. എന്നാല്‍ 166 പേര്‍ക്ക് മാത്രമാണ് ഇതുവരെ കൈവശാവകാശരേഖ ലഭിച്ചത്. കൈവകാവകാശ രേഖ ലഭിച്ചിട്ടും ഭൂമിയെക്കുറിച്ച് വ്യക്തത ഇത്താത്തത് കാരണം ചിലര്‍ക്ക് താമസം മാറാനും സാധിച്ചിട്ടില്ല. വാസയോഗ്യമല്ലാത്ത ഭൂമി ലഭിച്ചവരുമുണ്ട്.

സമരത്തില്‍പങ്കെടുത്ത പലരും സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ ലഭിക്കാതെ മരണപ്പെട്ടു. ഭൂമി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന നില്‍പ് സമരം ശ്രദ്ധനേടിയരുന്നു. സമരത്തിന് നേതൃത്വം നല്‍കിയവര്‍ ഇപ്പോള്‍ രണ്ട് തട്ടിലായി എന്നതും പ്രത്യേകതയാണ്.