മല ചവിട്ടാതെ ലിബി മടങ്ങി; മതസ്പർധ‌ വളർത്താൻ പോസ്റ്റിട്ടതിന് പരാതി

പ്രതിഷേധത്തിന്റെ ഭാഗമായി ശബരിമലയിലേക്ക് പുറപ്പെട്ട യുവതിക്കുനേരെ പത്തനംതിട്ടയില്‍ കയ്യേറ്റശ്രമം. യാത്രയ്ക്ക് സംരക്ഷണം നല്‍കാനാകില്ലെന്ന് പൊലീസ് അറിയിച്ചതോടെ ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിനി ലിബി വീട്ടിലേക്ക് മടങ്ങി. ലിബിയെ ആക്രമിക്കാന്‍ ശ്രമിച്ച അമ്പതോളംപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മതസ്പര്‍ധ വളര്‍ത്തുംവിധം ഫേസ്് ബുക്കില്‍ പോസ്റ്റിട്ടുവെന്നാരോപിച്ച് യുവതിക്കെതിരെ ബിജെപി പൊലീസില്‍ പരാതി നല്‍കി

രാവിലെ പത്തുമണിയോടെയാണ് സന്നിധാനത്തേക്ക് പോവാനായി ലിബി പത്തനംതിട്ട ബസ്റ്റാന്റില്‍ എത്തിയത്.  വിവരമറിഞ്ഞെത്തിയ വിശ്വാസികള്‍ ചോദ്യംചെയ്യലായി. പിന്നെ ആക്രോശവും അസഭ്യവും. പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ പൊലീസ് ഏറെ പ്രയാസപ്പെട്ടു. ബസ് സ്റ്റാന്റില്‍നിന്ന് പെട്ടന്നുതന്നെ സ്റ്റേഷനിലേക്ക് മാറ്റി. മലകയറാന്‍ സംരക്ഷണം വേണമെന്ന ലിബിയുടെ ആവശ്യം പൊലീസ് തളളിയതോടെ വൈകീട്ട് വീട്ടിലേക്ക് മടങ്ങി

അതേസമയം മതസ്പര്‍ധ വളര്‍ത്തുംവിധം നവമാധ്യമങ്ങളില്‍ ഇടപെട്ടുവെന്ന് കാണിച്ച് ബിജെപി ജില്ലാനേത‍ൃത്വം ലിബിക്കെതിരെ പൊലീസില്‍ പരാതി നല്‍കി

നിരീശ്വരവാദിയായ താന്‍ പ്രതിഷേധക്കാരോടുള്ള വെല്ലുവിളി ഏറ്റെടുത്താണ് മലകയറുന്നതെന്ന് മുപ്പത്തിയെട്ടുകാരിയായ ലിബി ഫേസ്് ബുക്കില്‍ കുറിച്ചിരുന്നു