ഈ കാലത്ത് പിണറായി തന്നെ യോഗ്യൻ; വാഴ്ത്തി എൻ എസ് മാധവൻ

ശബരിമലയിലെ സ്ത്രീ വിവേചനം അവസാനിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ രംഗത്ത്. വർഗീയ ധ്രുവീകരണത്തിന്റെ ഈ കാലത്ത് പിണറായി അല്ലാതെ മറ്റൊരാൾ കേരളത്തെ നയിക്കുന്നത് ചിന്തിക്കാൻ പോലുമാവില്ലെന്ന് എൻ.എസ് മാധവൻ അഭിപ്രായപ്പെട്ടു

എൻ.എസ് മാധവന്റെ വാക്കുകൾ ഇങ്ങനെ; ചരിത്രം കേരളത്തോടു കരുണ കാണിച്ചു. വർഗീയ ധ്രുവീകരണത്തിന്റെ ഈ കാലത്ത് കേരളത്തെ നയിക്കാൻ പിണറായി അല്ലാതെ ഒരാളെയും ചന്തിക്കാനാവില്ല. കേരളം എന്ന ആശയം പിണറായിയുടെ കൈയിൽ സുരക്ഷിതമാണ്.

ശബരിമല വിഷയത്തിൽ നിലപാടു വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പുത്തരിക്കണ്ടത്തെ നടത്തിയ പ്രസംഗം ചര്‍ച്ചയാവുന്നതിനിടയിലാണ് എന്‍ എസ് മാധവന്റെ ട്വീറ്റ്. ആചാരങ്ങൾ ലംഘിക്കാന്‍ കൂടിയുള്ളതാണെന്നാണ് ശ്രീനാരായണ ഗുരുവും അയ്യൻകാളിയും പഠിപ്പിച്ചതെന്ന പിണറായിയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.