എലപ്പുള്ളിയിൽ ബ്രുവറിക്ക് അനുമതി: നാട് ദുരിത ഭീഷണിയിൽ

പാലക്കാട് എലപ്പുളളിയില്‍ ബീയര്‍ ഉല്‍പാദന കേന്ദ്രം തുടങ്ങിയാല്‍ സര്‍ക്കാര്‍ വിദ്യാലയവും അടച്ചുപൂട്ടേണ്ടിവരും. കുടിവെളളക്ഷാമവും പരിസ്ഥിതി മലിനീകരണവും നാടിന് ദുരിതമാകും. യാതൊരു പരിശോധനയും നടത്താതെ ബ്രൂവറിക്ക് അനുമതി നല്‍കിയതില്‍ ദുരൂഹതയേറുകയാണ്. 

എലപ്പുളളി പഞ്ചായത്തിലെ പത്താംവാര്‍ഡായ കൗശുപാറയിലാണ് ബീയര്‍ ഉല്‍പാദന കമ്പനി വരുന്നത്. കഞ്ചിക്കോട് വ്യവസായമേഖലയ്ക്ക് പിന്നില്‍ ജനങ്ങള്‍ താമസിക്കുന്നയിടത്ത്. മാത്രമല്ല ഇവിെടയൊരു സര്‍ക്കാര്‍ വിദ്യാലയവുമുണ്ട്. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന എല്‍പി സ്കൂള്‍. വെളളമില്ലാത്തതിനാല്‍ മഴവെളള സംഭരണി മുഖേനയും കുഴല്‍ കിണര്‍ വെളളവുമാണ് സ്കൂളിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇതൊന്നും മനസിലാക്കാതെയാണ് സ്കൂളിന് സമീപം ബീയര്‍ ഉല്‍പാദിപ്പിക്കുന്ന സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി കൊടുത്തത്. 

പരിസ്ഥിതി, ശബ്ദ മലിനീകരണം, ഭൂഗര്‍ഭജല ചൂഷണം, കാര്‍ഷിക നഷ്ടങ്ങള്‍ എന്നിവയൊക്കെ ജനങ്ങളെ ബാധിക്കും. സര്‍ക്കാര്‍ അനുമതി ലഭിച്ചെങ്കിലും ജനങ്ങളുടെ പ്രതിഷേധം നിലനില്‍ക്കെ കമ്പനി തുടങ്ങണമെങ്കില്‍ കടമ്പകള്‍ എറെയാണ്. പ്രദേശത്ത് യാതൊരു പഠനവും നടത്താതെയാണ് ബീയര്‍ ഉല്‍പാദനകേന്ദ്രം അനുവദിച്ചത്. അതുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ നടപടിയിലെ ദുരൂഹത ചോദ്യം ചെയ്യപ്പെടുന്നതും.