ഒാഖിയില്‍ വീടു നഷ്ടപ്പെട്ടവരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് സ്പീക്കർ

ഒാഖി ദുരന്തത്തില്‍ വീടു നഷ്ടപ്പെട്ട പൊന്നാനിയിലെ മല്‍സ്യത്തൊഴിലാളികളുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് സ്പീക്കറും സ്ഥലം എംഎല്‍.എയുമായ പി.ശ്രീരാമകൃഷ്ണന്‍. ഫിഷര്‍മെന്‍ കോളനിയിലെ വീടുകള്‍ വാസയോഗ്യമാക്കുന്നത്  ചര്‍ച്ചചെയ്യാന്‍ ധനകാര്യ–ഫിഷറീസ് വകുപ്പ് മന്ത്രിമാരുടെ യോഗം ഉടന്‍ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ ദുരിതജീവിതം മനോരമന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് നടപടികള്‍ തുടങ്ങിയത്.

കടലോരങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍ക്കാന്‍ തീരദേശ വികസന കോര്‍പറേഷന്റെ ഹൗസിങ് പദ്ധതി അനുസരിച്ച് ഫ്ലാറ്റ് നിര്‍മിച്ചു നല്‍കും .ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും.ഒാഖി ദുരിതത്തില്‍ വീടു തകര്‍ന്ന മല്‍സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു സ്പീക്കറുടെ പ്രതികരണം.

മല്‍സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി നിര്‍മിച്ച ഫിഷര്‍മന്‍ കോളനിയിലെ 120 വീടുകള്‍ വാസയോഗ്യമാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഡി.എം.ആര്‍.സി തയാറാക്കുന്ന പദ്ധതി തീരദേശ പരിപാലന കോര്‍പറേഷന്‍, പൊന്നാനി നഗരസഭ, എം.എല്‍.എ ഫണ്ട് എന്നിവ ഉപയോഗിച്ച് നടപ്പാക്കും.

വാടകകൊടുക്കാന്‍ കഴിയാതെ ആര്‍ക്കും തെരുവില്‍  കിടക്കേണ്ടി വരില്ല. ജനകീയ സംരഭങ്ങളിലൂടെ വാടക നല്‍കാനാവശ്യമായ പദ്ധതിയെകുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു