'എന്നെ അഭിനന്ദിച്ച് ഞാൻ തന്നെ കമന്റ്'; പേജ് ഹാക്ക് ചെയ്യപ്പെട്ടു; ശ്രീരാമകൃഷ്ണൻ

സ്വയം അഭിനന്ദിച്ച് കൊണ്ട് തന്റെ പേരിൽ പേജിൽ പ്രത്യക്ഷപ്പെട്ട കമന്റ് വ്യാജമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പേജ്  ഹാക്ക് ചെയ്യപ്പെട്ടതായി ഫെയ്സ്ബുക്കിൽ നിന്ന് ലഭിച്ച സന്ദേശം പങ്കുവച്ചാണ് സ്പീക്കർ ഫെയ്ബുക്കിൽ കുറിപ്പിട്ടത്. കഴിഞ്ഞ ദിവസം പൊന്നാനി ഹാങ്ങിങ് ബ്രിഡ്ജിനെ കുറിച്ചുള്ള പോസ്റ്റിലാണ് സ്പീക്കറുടെ തന്നെ പേരിൽ കമന്റ് പ്രത്യക്ഷപ്പെട്ടത്. നിമിഷങ്ങൾക്കുള്ളിൽ കമന്റ് പ്രചരിച്ചു. റിയാക്ഷനുകളും ട്രോളുകളും നിറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി സ്പീക്കർ മനസിലാക്കിയത്. പേജ് ദുരുപയോഗം ചെയ്തവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ.

പൊന്നാനിയിൽ നിർമ്മാണനുമതി ലഭിച്ചു ടെൻഡർ നടപടികളിലേക്ക് പോകുന്ന അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ചു ഇന്നലെ എന്റെ ഫേസ്ബുക്ക്‌ പോസ്റ്റിൽ "എന്നെ അഭിനന്ദിച്ചു കൊണ്ട് ഞാൻ തന്നേ കമെന്റ് ചെയ്തതായി" കാണുകയുണ്ടായി. മിനിട്ടുകൾ കൊണ്ട് ആ കമെന്റിൽ നിരവധി റിയാക്ഷനുകളും റിപ്ലേ കമെന്റുകളും വരികയും, സ്ക്രീൻ ഷോട്ട് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടു.

അക്കൗണ്ട് ഹാക്ക് ചെയ്ത് കയറി കൊച്ചിയിൽ നിന്നും കമന്റിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ തെളിവ് സഹിതം പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഹാക്ക് ചെയ്തവരുടെ കുബുദ്ധിയല്ലാതെ ഇതിൽ മറ്റൊന്നുമില്ലെന്നു എല്ലാ സുഹൃത്തുക്കളെയും അറിയിക്കുന്നു.