ഈ നീതി ദിലീപിനും ആകാമായിരുന്നു; ഫ്രാങ്കോയ്ക്കെതിരെ മേജർ രവി, വിഡിയോ

ഒരു സ്ത്രീ നല്‍കിയ പരാതിയിൽ അറസ്റ്റ് ഇത്രയും വൈകുന്നതിൽ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്ന് സംവിധായകൻ മേജർ രവി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ നടത്തിവരുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചെത്തിയതാണ് മേജർ രവി. 

'നടൻ ദിലീപിനെയും ഇതുപോലെയൊരു പരാതിയുടെ പേരിലാണ് അറസ്റ്റ് ചെയ്യുന്നത്. ആ സമയത്ത് ദിലീപിനും പറയാമായിരുന്നു എനിക്ക് എന്റെ സംഘടന ഉണ്ട്, അമ്മ. ആ സംഘടന അന്വേഷണം നടത്തിയിട്ട് എന്നെ അറസ്റ്റ് ചെയ്താൽ മതിയെന്ന്. അതാരും ചെയ്തില്ല. അപ്പോൾ ഇതുപോലെയുള്ള അക്രമങ്ങൾക്ക് സംഘടനകളുടെ ശക്തി ഉപയോഗിച്ച് പിന്തുണയ്ക്കാൻ പാടില്ല'. മേജർ രവി പറയുന്നു.

ഇങ്ങനെയൊരു കാര്യത്തിന് രാഷട്രീയ പിന്തുണ ലഭിക്കുന്നുണ്ടെങ്കിൽ ആ രാഷട്രീയ പാർട്ടിക്കാരെ താൻ അപലപിക്കുന്നുവെന്നും മേജർ രവി വ്യക്തമാക്കി. ഒരാളെ രക്ഷിക്കാനായി ഒരു സമൂഹത്തിനെ ബലിയാടാക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഇരകളാകപ്പെട്ടവർക്ക് വേണ്ട നീതി അവർക്ക് കിട്ടിയേ പറ്റൂ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ എത്ര വലിയ കൊമ്പത്തിരിക്കുന്ന ആളാണെങ്കിലും ശരി അയാൾക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. വിഡിയോ കാണാം.