ഒറ്റപ്പെട്ട് നെല്ലിയാമ്പതി; രക്ഷാപ്രവർത്തനം അകലെ; തടസ്സമായി മഴ, റോഡ്

nelli-final
SHARE

പ്രളയക്കെടുതിയിൽ ഒറ്റപ്പെട്ട് നെല്ലിയാമ്പതി. കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടരുന്ന ശക്തമായ മഴയിലും ഉരുൾപൊട്ടലിലും നെല്ലിയാമ്പതി ഒറ്റപ്പെട്ടിരിക്കുകയാണ്. പുറത്തേക്ക് കടക്കാൻ ഒരു വഴിയുമില്ലാതെ വനം വകുപ്പ് ഉദ്യോഗസ്ഥരും തോട്ടം തൊഴിലാളികളും ഉൾപ്പെടെ നിരവധിപ്പേർ കുടുങ്ങി കിടക്കുകയാണ്. 

പുറത്തു നിന്നെത്തിയ വിനോദ സഞ്ചാരികൾ അവിടെ ഇല്ല എന്നാണ് വിവരം. എന്നാൽ കുടുങ്ങികിടക്കുന്നവരുടെ സ്ഥിതി അതീവഗുരുതരമാണ്. വെള്ളമോ ഭക്ഷണമോ അവർക്ക് എത്തിക്കാൻ സാധിക്കുന്നില്ല. നെല്ലിയാമ്പതിയിലേക്ക് ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. പോത്തുണ്ടി ഡാമിൽ നിന്നും നെല്ലിയാമ്പതി എത്തുന്നത് വരെയുള്ള വഴിയിൽ 74 സ്ഥലങ്ങളിലായി വലിയ മരങ്ങൾ വീണ് റോഡ് തകർന്നിരിക്കുകയാണ്. മാത്രമല്ല പതിനാല് ഇടങ്ങളിൽ മണ്ണ് ഇടിഞ്ഞും ഉരുൾപൊട്ടിയും കിടക്കുകയാണ്. ഹെലികോപ്റ്റർ മാർഗമല്ലാതെ അവിടേക്ക് എത്തിപ്പെടാൻ സാധിക്കില്ല.

പാലക്കാട് മുൻ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകർ 30 കിലോമീറ്ററോളം കാൽനടയായി അവിടേക്ക് തിരിച്ചിട്ടുണ്ട്. ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുമായിട്ടാണ് ഇവർ തിരിച്ചിരിക്കുന്നത്. കലക്ട്രേറ്റിൽ നിന്നുള്ള പ്രത്യേക സംഘവും നെല്ലിയാമ്പതിയിലേക്ക് പോകാൻ തയ്യാറെടുക്കുന്നുണ്ട്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമാണ്. മഴ തുടരുന്നതിനാൽ എത്തിപ്പെടുക പ്രയാസമായിരിക്കും. അവിടെ കുടുങ്ങിയവർക്ക് വൈദ്യുതി ലഭ്യമല്ല. ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യവുമില്ല. അവരുമായുള്ള ആശയവിനിമയം പൂർണമായും നശിച്ചിരിക്കുകയുമാണ്. 

പാലക്കാടിന്റെ പല ഒറ്റപ്പെട്ട മേഖലകളിലും സമാന സ്ഥിതിയാണ്. അട്ടപ്പാടിയിലും പ്രളയം രൂക്ഷമാണ്. എന്നാൽ അവിടെയുള്ളവർക്ക് കോയമ്പത്തൂരിലേക്കോ അതു വഴി കേരളത്തിലേക്കോ രക്ഷപെടാനുള്ള സൗകര്യമുണ്ട്. എന്നാൽ നെല്ലിയാമ്പതിയിൽ അത്തരം സാഹചര്യങ്ങളൊന്നുമില്ല. സിഐർപിഎഫിന്റെ ദ്രുതകർമസേന റോഡ് സഞ്ചാരയോഗ്യമാക്കിക്കൊണ്ട് മുന്നേറുന്നുണ്ട്. എന്നാൽ എപ്പോൾ അവർ അവിടെ എത്തുമെന്ന് പറയാൻ സാധിക്കില്ല. 

Read More on Kerala Floods News

MORE IN KERALA
SHOW MORE