കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്കാനിങ് മെഷീൻ തകരാറിലായിട്ട് ദിവസങ്ങൾ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റിയിലെ എം.ആര്‍.ഐ സ്കാനിംഗ് മെഷീന്‍ തകരാറിലായിട്ട് ദിവസങ്ങള്‍ പിന്നിട്ടു. മെഷീന്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.  ഉയര്‍ന്ന തുക നല്‍കി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് നിര്‍ധനരായ രോഗികളും കൂട്ടിരിപ്പുകാരും. എം.ആര്‍ഐ സ്കാനിംഗ് സംവിധാനമുള്ള രണ്ട് ലാബുകളാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലുള്ളത്. ഇതില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റിയിലെ സ്കാനിംഗ് മെഷീനാണ് തകരാറിലായത്.

മെഷീന്‍ തകരാ‍ര്‍ മൂലം റജിസ്ട്രേഷന്‍ സ്വീകരിക്കാതായതോടെയാണ് രോഗികള്‍  പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ സ്കാനിംഗ് മെഷീന്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്നായിരുന്നു  അധികാരികള്‍ നല്‍കിയ ഉറപ്പ്. പക്ഷേ ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടിയില്ല. ഇതോടെ സ്കാനിംഗ് സെന്ററുമുന്നില്‍ കാത്തിരുന്നു രോഗികളുടെ കൂട്ടിരിപ്പുകാരും മടുത്തു. സ്വകാര്യ ലാബുകളെക്കാള്‍ പകുതി തുകയ്ക്കാണ് മെഡിക്കല്‍ കോളജില്‍ എം.ആര്‍ഐ സ്കാനിംഗ് സംവിധാനമൊരുക്കിയിട്ടുള്ളത്. ഇത് നിര്‍ധന രോഗികള്‍ക്ക് വലിയ ആശ്വാസമായിരുന്നു. സാധാരണക്കാരെ സ്കാനിംഗിന്റെ പേരില്‍ ചൂഷണം ചെയ്യാന്‍ കാത്തിരിക്കുന്ന സ്വകാര്യലാബുകളെ ആശ്രയിക്കുകയല്ലാതെ ഇനി മാര്‍ഗമില്ലെന്നാണ് ഈ രോഗികള്‍ പറയുന്നത്.