അമ്മയ്ക്ക് സുഖമില്ല; പരോൾ തേടി ആഭ്യന്തരവകുപ്പിന് പിണറായിയുടെ കത്ത്..!

pinarayi-jail-letter
SHARE

അമ്മയുടെ ചികിൽസയ്ക്കുവേണ്ടി തന്റെ സാന്നിധ്യം ആവശ്യമാണ്. ദയവായി പരോൾ അനുവദിക്കണം. ആവശ്യമ പിണറായി വിജയന്‍റേതാണ്.  ആഭ്യന്തരവകുപ്പ് സ്പെഷ്യൽ സെക്രട്ടറിക്കാണ് പിണറായി വിജയന്റെ കത്ത്..!  കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയവേ 1976 നവംബർ ഒൻപതിന് എഴുതിയ കത്തിലാണ് അന്നത്തെ കൂത്തുപറമ്പ് എംഎൽഎ പിണറായി വിജയൻ പരോൾ ആവശ്യപ്പെടുന്നത്.  

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പൊലീസ് മൈതാനത്ത് ഒരുക്കിയ പൊൻകതിർ പ്രദർശനത്തിൽ ജയിൽവകുപ്പിന്റെ പവലിയനിൽ ഈ കത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്.  കണ്ണൂർ സെൻട്രൽ ജയിലിന്റെ മാതൃകയിൽ ഒരുക്കിയ പവലിയനിൽ സി.അച്യുതമേനോൻ, എസ്.കെ.പൊറ്റക്കാട് തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ജയിൽ രേഖകളും കാണാം.

അടിയന്തരാവസ്ഥക്കാലത്ത് ‘മിസ’ തടവുനിയമപ്രകാരമാണ് അന്ന് കൂത്തുപറമ്പ് മണ്ഡലത്തിലെ എംഎൽഎയായിരുന്ന പിണറായി വിജയനെ ‌അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചത്.  1975 സെപ്റ്റംബർ 28ന് രാത്രി വീട്ടിലെത്തിയ വൻ പൊലീസ് സംഘമാണ് പിണറായി വിജയനെ കസ്റ്റഡിയിലെടുത്തത്.  എംഎൽഎയെന്നോ രാഷ്ട്രീയ പ്രവർത്തകനെനന്നോ ഉള്ള പരിഗണനകൾ നൽകാതെ കൊടുംകുറ്റവാളികളോടെന്ന പോലെ പൊലീസ് പെരുമാറിയത് അന്ന് വലിയ വിവാദമായിരുന്നു.  

മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനും പ്രതിപക്ഷ എംഎൽഎമാരും തമ്മിൽ നിയമസഭയിൽ വലിയ വാക്പോരിനും ഈ സംഭവം കാരണമായി.  കസ്റ്റഡിയിൽ ഉടുതുണിപോലും ഉരിഞ്ഞ് ക്രൂരമർദനത്തിന് ഇരയാക്കിയ സംഭവം പിന്നീട് പിണറായി വിജയൻ തന്നെ നിയമസഭയിൽ വിവരിക്കുകയും ചെയ്തിരുന്നു. പിണറായി ഉൾപ്പെടെ 10 പ്രതിപക്ഷ എംഎൽഎമാരെയാണ് അടിയന്തരാവസ്ഥക്കാലത്ത് ‘മിസ’ പ്രകാരം അറസ്റ്റ് ചെയ്തത്.

MORE IN KERALA
SHOW MORE