എവിടെ നിന്നു പറന്നിറങ്ങി ഈ അപൂര്‍വ്വ പനി..? അമ്പരപ്പില്‍ പേരാമ്പ്രയും ആരോഗ്യകേരളവും

കോഴിക്കോട് പേരാമ്പ്രയില്‍ അപൂര്‍വ വൈറസ് ബാധ കണ്ടെത്തിയ പ്രദേശത്ത് മാത്രമല്ല, ചുറ്റുവട്ടത്തും കേരളമാകെയും അമ്പരപ്പിലാണ്. ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.  മേഖലയില്‍ ആരോഗ്യ സംഘം  പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി.  പനിമരണം സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് നാളെ വൈകിട്ട് ലഭിക്കും.   

വൈറസ് ബാധിച്ച് പ്രദേശത്ത്  ഒരു കുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്. ഇവര്‍ക്കു പുറമെ അഞ്ചുപേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചതും ആശങ്കയേറ്റുന്നു.  മണിപ്പാല്‍ വൈറോളജി ലാബിലേക്ക് അയച്ച രക്തസാമ്പിളുകളുടെ പരിശോധനാഫലം ഇന്നു വൈകിട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് 

മന്ത്രിമാരായ കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ യോഗവും ചേർന്നു ഇന്നലെ രാത്രി സ്ഥിതിഗതികള്‍ വിലയിരുത്തി.  

വവ്വാലിൽനിന്നു പകരുന്ന ‘നിപ്പാ വൈറസ്’ പിടിപെട്ടാണു സൂപ്പിക്കടയിലെ ബന്ധുക്കളുടെ മരണമെന്നാണു പ്രാഥമിക നിഗമനം. വൈറസ് ഉണ്ടാക്കിയ മസ്തിഷ്കജ്വരമാണു മരണകാരണം എന്നും പറയുന്നു.

എന്താണ് നിപ്പാ വൈറസ്..? എവിടെനിന്നു വന്നു..?

1998ൽ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയിൽ പടർന്നു പിടിച്ച മാരക മസ്തിഷ്ക ജ്വരത്തിനു കാരണമായ വൈറസ്. അന്നാണ് ആദ്യം കണ്ടെത്തിയത്. പഴങ്ങൾ ഭക്ഷിക്കുന്ന വാവലുകളിൽ നിന്നാണ് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും ഇതു കടക്കുന്നത്. മലേഷ്യയിൽ പന്നിവളർത്തു കേന്ദ്രങ്ങളിൽ അവയുമായി ഇടപഴകിയവർക്കാണ് ഏറെയും രോഗ ബാധയുണ്ടായത്. വാവലുകളുടെ സ്പർശമേറ്റ പഴങ്ങളിൽ നിന്നും മറ്റും നേരിട്ടും മനുഷ്യരിലേക്കു കടക്കാം. രോഗം ബാധിച്ച മനുഷ്യരിൽനിന്ന് മറ്റുള്ളവരിലേക്കും പകരും. വാക്സിൻ കണ്ടെത്തിയിട്ടില്ല. ശ്വാസതടസ്സം, കടുത്ത തലവേദന, പനി എന്നിവയോടെ തുടങ്ങി മസ്തിഷ്കജ്വരത്തിലെത്തുന്നതാണ് ലക്ഷണങ്ങൾ. രോഗികളാകുന്നവരിലെ ശരാശരി മരണനിരക്ക് 74.5%.

പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയിലാണ് മൂന്നപേരുടെ ജീവനെടുത്ത അപൂര്‍വ രോഗം.  വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവർക്കു പിന്നാലെ മൂസയുടെ സഹോദരൻ മൊയ്തീന്റെ ഭാര്യ മറിയം (50) ആണ് ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മൂസ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സാലിഹ് 18നും സാബിത്ത് അഞ്ചിനുമാണു മരിച്ചത്. സാലിഹിന്റെ നവവധു ആത്തിഫയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിട്ടുമുണ്ട്. പ്രദേശത്ത് അഞ്ചു പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.