അയിരൂപ്പാറ ഫാര്‍മേഴ്സ് ബാങ്ക് തട്ടിപ്പ്: കൂടുതൽ സിപിഎം നേതാക്കൾക്ക് പങ്ക്

തിരുവനന്തപുരം അയിരൂപ്പാറ ഫാര്‍മേഴ്സ് ബാങ്കിലെ തട്ടിപ്പില്‍ കൂടുതല്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ക്കും പങ്ക്. രണ്ട് ഏരിയാ കമ്മിറ്റി അംഗങ്ങള്‍ കുടുംബാംഗങ്ങളുടെ പേരില്‍ കോടികള്‍ അനധികൃതമായി വായ്പയെടുത്ത ശേഷം തിരിച്ചടച്ചില്ലെന്ന് കണ്ടെത്തി. സി.പി.എം ജില്ലാ നേതൃത്വം നടത്തിയ അന്വേഷണത്തിലാണ് ബാങ്ക് ഭരണത്തിന്റെ മറവില്‍ പാര്‍ട്ടി അംഗങ്ങള്‍ നടത്തിയ തട്ടിപ്പ് കണ്ടെത്തിയത്. 

സി.പി.എം ഭരിക്കുന്ന അയിരൂപ്പാറ ഫാര്‍മേഴ്സ് സഹകരണ ബാങ്കില്‍ നാല് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയിരുന്നു. വ്യാജരേഖകളുടെ സഹായത്തോടെ മുക്കുപണ്ടം പണയം വച്ച് കോടികള്‍ തട്ടിയതില്‍ ശാഖാ മാനേജരായ ശശികലയ്ക്കും ജീവനക്കാരിയായ കുശലയ്ക്കും പങ്കെന്ന് കണ്ടെത്തി അറസ്റ്റും ചെയ്തിരുന്നു. പാര്‍ട്ടി അംഗങ്ങളായ ഇവരുടെ പങ്കിനെക്കുറിച്ച് സി.പി.എം ജില്ലാ നേതൃത്വം നടത്തിയ അന്വേഷണത്തിലാണ് രണ്ട് ഏരിയാ കമ്മിറ്റിയംഗങ്ങളുടെ അനധികൃത ഇടപെടലും  സ്ഥിരീകരിച്ചത്. 

ശാഖാ മാനേജരായ ശശികലയുടെ ഭര്‌ത്താവും മംഗലപുരം ഏരിയാ കമ്മിറ്റിയംഗവുമായ വിമല്‍കുമാറും ജീവനക്കാരിയായ കുശലയുടെ ഭര്‍ത്താവും കഴക്കൂട്ടം ഏരിയാ കമ്മിറ്റിയംഗവുമായ തുണ്ടത്തില്‍ ശശിയുമാണ് ബാങ്കില്‍ നിന്ന് കോടികള്‍ വകമാറ്റിയെടുത്തത്. വിമല്‍കുമാറിന് സ്വന്തം പേരിലും മക്കളുടെ പേരിലുമായി  88 ലക്ഷത്തിലേറെ രൂപയുടെ ബാധ്യതയുണ്ട്. ശശി ഒരു കോടിയിലേറെ രൂപയും തിരിച്ചടക്കാനുണ്ട്. ഇത്രയും തുക വായ്പയെടുത്തതത് കൃത്യമായ രേഖകളുടെ സഹായത്തോടെയല്ലെന്നും വായ്പ അനുവദിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നുമാണ് കണ്ടെത്തല്‍. ബാങ്കിലെ തട്ടിപ്പ് പുറത്ത് വന്നപ്പോള്‍ തന്നെ അതിന് പിന്നില്‍ സി.പി.എം ആണെന്നും അന്വേഷണം ഭരണസ്വാധീനമുപയോഗിച്ച് അട്ടിമറിക്കുന്നുവെന്നും  ആരോപണമുയര്‍ന്നിരുന്നു. അത് സ്ഥിരീകരിക്കുന്നതാണ് ജില്ലാ സെക്രട്ടേറിയറ്റംഗം സി. അജയകുമാറിന്റെ നേൃത്വത്തിലെ മൂന്നംഗസമിതിയുടെ കണ്ടെത്തല്‍. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടി പുറത്ത് വിട്ടിട്ടില്ല.