
ഒ.എന്‍.വി കുറുപ്പ് ജനിച്ച ദിവസം അച്ഛന്‍ കുറിച്ച വാക്കും ഡയറിയും ഇനി സര്‍ക്കാരിന്റെ ചരിത്രരേഖകളുടെ ഭാഗം. സാക്ഷരതാ മിഷന്‍ നടത്തുന്ന ചരിത്രരേഖാ സര്‍വേയുടെ ഭാഗമായാണ് ഒ.എന്‍.വിയുടെ കുടുംബം ഈ രേഖകള്‍ സര്‍ക്കാരിന് കൈമാറിയത്. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ചരിത്രരേഖകള്‍ കണ്ടെത്താനുള്ള സര്‍വേയ്ക്ക് തുടക്കമായി.
ഒ.എന്‍.വി കുറുപ്പ് ജനിച്ച ദിവസം തന്നെയാണ് ജവഹര്‍ലാല്‍ നെഹ്റുവും കുടുംബവും കൊല്ലത്തെത്തിയത്. ഈ രണ്ട് സന്തോഷങ്ങളും ചേര്‍ന്നപ്പോള്‍ ഒ.എന്‍.വി കുറുപ്പിന്റെ പിതാവ് ഒ.എന്‍. കൃഷ്ണകുറുപ്പ് ആ ദിവസത്തെ ഒരു സുദിനം എന്ന് വിശേഷിപ്പിച്ച് ഡയറിയില്‍ കുറിച്ചു. .ആ ഡയറിയും വാക്കുകളും ഇനി പുരാരേഖ വകുപ്പിന്റെ കൈവശം സുരക്ഷിതം. സാക്ഷരതാ മിഷനും പുരാരേഖവകുപ്പും ചേര്‍ന്ന് നടത്തുന്ന ചരിത്രരേഖാ സര്‍വേയ്ക്ക് തുടക്കം കുറിച്ചാണ് ഒ.എന്‍.വി കുറുപ്പിന്റെ ഭാര്യ സരോജിനി ഈ രേഖകള്‍ വിദ്യാഭ്യാസമന്ത്രിക്ക് കൈമാറിയത്. കൂടാതെ കറുത്തപക്ഷികളുടെ പാട്ടിന്റെ കയ്യെഴുത്ത് പ്രതിയും ഒ.എന്‍.വി കുറുപ്പ് ആദ്യമായി ഇംഗ്ളീഷിലിട്ട കയ്യൊപ്പും കൈമാറി.
സ്വകാര്യ വ്യക്തികളുടെയും സംഘടനകളുടെയും കൈവശമുള്ള പുരാരേഖകള്‍ കണ്ടെത്തി ചരിത്രത്തിന്റെ ഭാഗമാക്കുന്നതിനായാണ് സര്‍വേ. 25 വര്‍ഷത്തോളം പഴക്കമുള്ള കത്തുകള്‍, കയ്യെഴുത്ത് പ്രതികള്‍, താളിയോലകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയാണ് ചരിത്രരേഖയായി പരിഗണിക്കുന്നത്.