ഐസക്ക് തുണച്ച ദീപക്കിനെതിരെ പിണറായിപ്പൊലീസിന്റെ കേസ്; ജോലിയും പോയി; പ്രതിഷേധം

deepak-shankaranarayanan-thomas-isaac
SHARE

സംഘപരിവാർ രാഷ്ട്രീയത്തെ വിമർശിച്ചും കഠ്‌വ പെൺകുട്ടി നേരിട്ട അതിക്രമങ്ങളെ കുറിച്ചും ഫെയ്സ്ബുക്കിൽ നിലപാട് എടുത്തതിന് സൈബർ ആക്രമണത്തിന് വിധേയനായ സാമൂഹിക പ്രവർത്തകൻ ദീപക് ശങ്കരനാരായണനെതിരെ കേസെടുത്ത നടപടി വിവാദത്തില്‍. ഐടി ആക്ട് ഒഴിവാക്കി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ളതാണ് ദീപക്കിനെതിരെയുള്ള കേസ്. 

ദീപക് സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിനെതിരെ  ബിജെപി മീഡിയാ കൺവീനറും സംസ്ഥാന സമിതിയംഗവുമായ സന്ദീപ് ആർ. വാചസ്പതിയാണ് ഡിജിപിക്കു പരാതി നൽകിയത്. ബിജെപിക്കു വോട്ടു ചെയ്തവരെ മുഴുവൻ വെടിവച്ചു കൊല്ലണമെന്ന് ഫെയ്സ്ബുക് വഴി ആഹ്വാനം ചെയ്തതിനാണു ദീപക്കിനെതിരെ പരാതി നൽകിയതെന്നു സന്ദീപ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാനിയമം 153 എ, 153 ബി വകുപ്പുകൾ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. തൈക്കാട് സൈബർ പൊലീസാണു കേസെടുത്തത്. ബെംഗളൂരുവിൽ സ്വകാര്യ ഐടി കമ്പനിയിൽ എൻജിനീയറാണു ദീപക്.   

ജാമ്യമില്ലാ വകുപ്പ് പ്രകാരം കെസേടുത്തതോടെ ദീപക്കിന് ജോലിയും നഷ്ടമായി. ദീപക്കിനെതിരെ സംഘപരിവാർ ആക്രമണം ശക്തമാക്കിയതോടെ ധനമന്ത്രി തോമസ് ഐസക്കാണ് ആദ്യം ദീപക്കിനെ പിന്തുണച്ച് രംഗത്തെത്തിയത്.

സംഘപരിവാറിന്റെ അക്രമത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ മലയാള നവ മാധ്യമങ്ങളിൽ പൊളിച്ചു കാണിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്ന വ്യക്തിയാണ് ദീപക്ക് ശങ്കരനാരായണനെന്ന് ഐസക്ക് പറഞ്ഞിരുന്നു. ദീപക്കിനെ വ്യക്തിഹത്യ ചെയ്യുക മാത്രമല്ല അയാൾ തൊഴിലെടുക്കുന്ന കമ്പനിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ചെന്ന് അയാൾക്കെതിരെ ദുഷ്പ്രചരണവും ഇവർ ചെയ്യുന്നു. തികഞ്ഞ ജനാധിപത്യാവകാശലംഘനവും അങ്ങേയറ്റം നീചമായ രാഷ്ട്രീയപകപോക്കലുമാണെന്ന് ഐസക്ക് പറഞ്ഞു.

സംഭവം വിവാദമാക്കിയതോടെ ദീപക് ശങ്കരനാരായണൻ തന്നെ വിശദീകരണവുമായി രംഗത്തെത്തി. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വളച്ചൊടിക്കുകയായിരുന്നുവെന്നും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ദീപക് ശങ്കരനാരയണൻ വിശദീകരിച്ചു. ഐസക്ക് അടക്കമുള്ള പ്രമുഖര്‍ക്കൊപ്പം #SolidarityWithDeepak എന്ന പേരില്‍ ഹാഷ്ടാഗ് ക്യാംപയിനും സജീവമായിരുന്നു.

ദീപക്കിനെതിരെ കേസെടുത്തതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി. ഇടതുപക്ഷം സംസ്ഥാനം ഭരിക്കുമ്പോൾ സംഘപരിവാരിനെ വിമർശിച്ചുവെന്ന കാരണത്താൽ പൊലീസ് കേസെടുക്കുന്നതിന്റെ യുക്തിയെയാണ് പലരും ചോദ്യം ചെയ്യുന്നത്.  പൊലീസിലെ കാവിവത്കരണമാണ് ഇത്തരം പ്രവണതയ്ക്ക് കാരണമെന്ന് ഇടതു അനുഭാവികളും വാദവുമായി രംഗത്തുണ്ട്. സംഘപരിവാരിനെ വിമർശിക്കുന്നവരുടെ വായ അടുപ്പിക്കുമെന്ന പ്രവണത അംഗീകരിക്കാനാകില്ലെന്നും സമൂഹമാധ്യമങ്ങൾ രോഷം കൊളളുന്നു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.