ബവ്റിജസ് കോര്‍പറേഷനിൽ നിയമനം വൈകുന്നെന്ന് പരാതി

ബവ്റിജസ് കോര്‍പറേഷനില്‍ ക്ലാര്‍ക്ക് നിയമനത്തിനുള്ള പരീക്ഷകഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും റാങ്ക് പട്ടിക പി.എസ്.സി വൈകിപ്പിക്കുന്നുവെന്ന് പരാതി. വകുപ്പില്‍ ഇപ്പോള്‍ അഞ്ഞൂറിലേറെ ഒഴിവുകളുണ്ടായിട്ടും റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാത്തത് പിന്‍വാതില്‍ നിയമനത്തിനാണെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. പി.എസ്.സി ചെയര്‍മാന് ഉള്‍പ്പടെ പരാതികള്‍ നല്‍കിയിട്ടും നപടിയുണ്ടായില്ല.

ബവ്റിജസ് കോര്‍പറേഷനില്‍ എല്‍.ഡി ക്ലര്‍ക്ക് നിയമനത്തിനുള്ള വിജ്ഞാപനം 2014ലാണ് പി.എസ്.സി പുറപ്പെടുവിച്ചത്. 2016 ഒക്ടോബറില്‍ എഴുത്തുപരീക്ഷ കഴിഞ്ഞു. സംസ്ഥാനതലത്തില്‍ അഞ്ചരലക്ഷത്തിലേറെ ഉദ്യോഗാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതുവരെ ഫലം വന്നില്ല. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചുമില്ല

നിലവില്‍ ബെവ്കോ എല്‍.ഡി ക്ലര്‍ക്ക് റാങ്ക്പട്ടികയില്ല. അവസാന നിയമനോപദേശം നല്‍കിയത് 2017 മാര്‍ച്ച് ഒന്‍പതിനാണ്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍വരെ 319 ഒഴിവകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴത് അഞ്ഞൂറിലേറെവരുമെന്നാണ് കരുതുന്നത്.

പരീക്ഷയെഴുതിയവരില്‍ പലര്‍ക്കും ഇപ്പോള്‍  പ്രായപരിധി കഴിഞ്ഞു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബെവ്കോയില്‍ പിന്‍വാതില്‍ നിയമത്തിന് നീക്കമുള്ളതിനാലാണ് പി.എസ്.സി റാങ്ക്പട്ടിക പ്രസിദ്ധികരിക്കാതെന്നാണ് ഉദ്യേഗാര്‍ഥികളുടെ ആക്ഷേപം