പുതിയ കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് ആരൊക്കെ? യെച്ചൂരിയുടെ നിലപാട് നിർണായകം

പുതിയ കേന്ദ്രകമ്മിറ്റിയിൽ കേരളത്തിൽ നിന്ന് ആരൊക്കെ എത്തണമെന്നതിൽ സീതാറാം യെച്ചൂരിയുടെ നിലപാട് നിർണായകമാകും. സംസ്ഥാന ഘടകം മുന്നോട്ടു വെക്കുന്ന പേരുകൾ അതേപടി അംഗീകരിക്കപ്പെടുമോ എന്ന ആശങ്കയിലാണ് സംസ്ഥാന നേതൃത്വം. പി.കെ.ഗുരുദാസൻ ഉൾപ്പെടെ കുറഞ്ഞത് മൂന്നു പേരെങ്കിലും നിലവിലെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാകും എന്നാണ് സൂചന.

പാർട്ടിയിൽ പിടിമുറുക്കിയ യെച്ചൂരി, പുതിയ കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും ഭൂരിപക്ഷം ഉറപ്പിക്കാൻ ശ്രമിക്കുമെന്നതിൽ സംശയമില്ല. എസ്.രാമചന്ദ്രൻ പിള്ള, പി.കെ.ഗുരുദാസൻ, വൈക്കം വിശ്വൻ എന്നിവർ ഒഴിവാകുന്നവരുടെ സാധ്യതാപട്ടികയിലുണ്ട്. ഇതിൽ രാമചന്ദ്രൻ പിള്ളയെ ക്ഷണിതാവായി നിലനിർത്തിയേക്കും. പുതുതായി എംവി ഗോവിന്ദനാണ് പ്രഥമ പരിഗണന. ബേബി ജോണിന്റെ പേരും സംസ്ഥാന നേതൃത്വത്തിന്റെ മനസിലുണ്ട്. അതേസമയം പി.രാജീവ്, കെ.രാധാകൃഷ്ണൻ എന്നിവരിൽ ആർക്കെങ്കിലും നറുക്കു വീണാലും അത്ഭുതപ്പെടാനില്ല. സ്വയം ഒഴിയാൻ താൽപര്യം പ്രകടിപ്പിച്ചില്ലെങ്കിൽ വി.എസ്.അച്ചുതാനന്ദൻ കേന്ദ്ര കമ്മിറ്റി ക്ഷണിതാവായി തുടർന്നേക്കും. അതേസമയം എസ്.രാമചന്ദ്രൻ പിള്ളക്കു പകരം പിബിയിൽ കേരളത്തിന് പ്രാതിനിധ്യം ഉണ്ടായേക്കില്ലെന്നു സൂചനയുണ്ട്. മറിച്ചായാൽ എ.വിജയരാഘവനാണ് മുൻതൂക്കം.