എന്‍ജിനീയറിങ് കോളജുകള്‍ക്കും ഇനി സ്വയംഭരണം

ഇനി മുതല്‍ എന്‍ജിനീയറിങ് കോളജുകള്‍ക്കും സ്വയംഭരണം. അക്കാദമിക സ്വയംഭരണത്തിനായി അപേക്ഷിക്കാന്‍ 24 എന്‍ജിനീയറിങ് കോളജുകള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കി. ഒാട്ടോണമിയെ എതിര്‍ക്കുന്ന എല്‍.ഡി.എഫ് നയത്തില്‍ നിന്നുള്ള വ്യക്തമായ മാറ്റമാണിത്.

സംസ്ഥാനത്തെ 24 എൻജിനിയറിങ് കോളജുകൾക്കാണ് അക്കാദമിക സ്വയംഭരണത്തിനായി അപേക്ഷിക്കാന്‍ സർക്കാര്‍അനുവാദം നല്‍കിയത്. ഒാട്ടോണമസ് കോളജുകള്‍ എന്ന സങ്കല്‍പ്പത്തിന് തന്നെ സിപിഎമ്മും എല്‍.ഡിഎഫും എതിരാണ്. ഇതില്‍നിന്ന് വ്യതി ചലിച്ചുകൊണ്ടാണ് പുതിയ തീരുമാനം. തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്,ശ്രീചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനിയറിങ് ,എൽബിഎസ് കാസർകോട്,കോളജ് ഓഫ് എൻജിനിയറിങ് ചെങ്ങന്നൂർ,ഗവ.മോഡൽ എൻജിനിയറിങ് കോളജ് തൃക്കാക്കര എന്നിവ ഉള്‍പ്പെടെ 24 കോളജുകള്‍ക്കാണ് യുജിസിക്ക് അപേക്ഷ നല്‍കാനാകുക. എയ്ഡഡ് കോളജുകളും ഈ പട്ടികയിലുണ്ട്. യുജിസിയിൽ നിന്ന് അക്കാദമിക് സ്വയംഭരണം നേടിയെടുക്കാൻ ഈ കോളജുകൾ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. കേന്ദ്രഫണ്ട് ലഭിക്കണമെങ്കില്‍ അക്കാദമിക സ്വയംഭരണം വേണമെന്നതിനാലാണ് , പ്രഖ്യാപിത നയത്തില്‍നിന്ന് വ്യതിചലിച്ച് ഇവക്ക് എന്‍.ഒ.സി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത്. അഞ്ച് വർഷത്തേക്ക് ഒരു കോളജിന് 100 കോടി രൂപ വരെ കേന്ദ്ര സഹായം ലഭിക്കും. ശമ്പളത്തിന്  ഈ തുക വിനിയോഗിക്കാന്‍പാടില്ല.കേന്ദ്രഫണ്ട്  ലഭിക്കുന്നതിനോടുസര്‍ക്കാരിന്  താല്പര്യമുണ്ടെങ്കിലും ഇടതുപക്ഷ അധ്യാപക സംഘടനകൾ ശക്തമായി എതിർക്കുകയാണ്. ഈ എതിർപ്പ് പോലും അവഗണിച്ചാണ് ഇപ്പോൾ സർക്കാർ ഉത്തരവിറക്കിയത്.