മൂന്നാം ദിനവും കാടുകയറാതെ കാട്ടാനകൾ

പാലക്കാട്ട് നാട്ടിലിറങ്ങിയ കാട്ടാനകൾ മൂന്നാം ദിവസവും കാടുകയറിയില്ല. ഇന്നലെ രാത്രി ഒറ്റപ്പാലം ലക്കിടി വഴി നീങ്ങിയ രണ്ടു കാട്ടാനകളും ഇപ്പോൾ മണ്ണൂരിലാണുള്ളത്. ഇവിടെ നിന്ന് ഇരുപതു കിലോമീറ്റർ അകലെ ധോണി വനത്തിലേക്ക് കാട്ടാനകളെ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

ഇന്നലെ ഒറ്റപ്പാലം ഭാരതപ്പുഴയിൽ നിന്ന് ലക്കിടി പിന്നിട്ടതോടെ കാട്ടാനകൾ ഇരുട്ടിൽ മറഞ്ഞു. എവിടേക്ക് പോയെന്ന് ആർക്കുമറിയില്ലായിരുന്നു. പുലർച്ചെ ആനകൾ കോങ്ങാടിനടുത്ത്  മണ്ണൂരിലെത്തിയപ്പോൾ നാട്ടുകാരാണ് വനം ജീവനക്കാരെ വിവരമറിയിച്ചത്. ജനവാസ മേഖലയോട് ചേർന്ന് നാലു കിലോമീറ്റർ ചുറ്റളവിലുള്ള വനവും സ്വകാര്യ തോട്ടും അതിരിടുന്ന മലയിലാണ് കാട്ടാനകൾ നിൽക്കുന്നത്. ഇവിടെ നിന്ന് ജനവാസ മേഖലയിലൂടെ മാത്രമേ ഇനി കാട്ടാനകൾക്ക് കടന്നു പോകാനാകു. ഇതാദ്യമായാണ് കാട്ടാനകൾ ഇവിടെയെത്തുന്നതെന്നും ആശങ്കയുണ്ടെന്നും നാട്ടുകാർ പറയുന്നു..

.

ഇരുപതു കിലോമീറ്റർ അകലെ ധോണി വനത്തിലേക്ക് കാട്ടാനകളെ എത്തിക്കാനുള്ള വനപാലകരുടെ ശ്രമം തുടരും. പടക്കമെറിഞ്ഞും ശബ്ദമുണ്ടാക്കിയുമാണ് കാട്ടാനകളെ നീക്കുന്നത്. കാട്ടാനകൾ പോകുന്ന വഴിയിൽ വ്യാപകമായ കൃഷിനാശമൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. വെള്ളവും തീറ്റയും തേടി വനമേഖല വിട്ട് കാട്ടാനകൾ അൻപതു കിലോമീറ്റർ അകലേക്ക് വരെ സഞ്ചരിക്കുന്നു. കാട്ടാനകളുടെ നിരന്തരമായുള്ള യാത്ര നാട്ടുകാർക്ക് കാഴ്ചയാണെങ്കിലും ആശങ്കപ്പെടുത്തുന്നതാണ്.