തിരഞ്ഞെടുപ്പ് മാറ്റാനുളള കാരണം ചേരിപ്പോര്; പറയാതെ പറഞ്ഞ് പീതാംബരൻ മാസ്റ്റർ

എൻ.സി.പി സംസ്ഥാന തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കാരണം, പാർട്ടിക്കകത്തെ  ചേരിപ്പോരിൽ ദേശീയനേതൃത്വത്തിനുണ്ടായ അതൃപ്തിയെന്ന് സൂചന നൽകി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ. സമവായത്തിലൂടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് നിർദേശം നല്കിയെങ്കിലും പല ജില്ലകളിലും മത്സരമുണ്ടായതായി ടി.പി പീതാംബരൻ ഡൽഹിയിൽ മനോരമ ന്യൂസിനോട് പറഞ്ഞു. വരുന്ന ഞായറാഴ്ചയായിരുന്നു സംസ്ഥാനതല തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. 

എൻസിപി സംസ്ഥാനഘടകത്തിലെ ചേരിപ്പോരുകളിൽ ദേശീയ നേതൃത്വത്തിന്റെ അതൃപ്തി വ്യക്തമാക്കിയാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ചതെന്നാണ് സൂചന. സമവായത്തിലെത്താതെ നാല് ജില്ലകളിലെങ്കിലും മത്സരം നടന്നത് ചേരിപ്പോര് കാരണമെന്നാണ് ദേശീയ നേതൃത്വം വിലയിരുത്തുന്നത്. മെമ്പർഷിപ്പ് വിതരണത്തിലെ ക്രമക്കേട് ഉൾപ്പെടെയുളള പരാതികൾ ദേശീയ നേതൃത്വത്തിന് ലഭിച്ചിട്ടുണ്ടാകാമെന്ന് സംസ്ഥാന അധ്യകഷൻ ടി പി പീതാംബരൻ വ്യക്തമാക്കി. 

കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ ഇക്കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും ടി.പി പീതാംബരൻ പറഞ്ഞു. ടി.പി. പീതാംബരനെ വീണ്ടും സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതിന് സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളിലുള്ള എതിർപ്പും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിന് കാരണമായി. ദേശീയഅധ്യക്ഷൻ ശരദ് പവറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ച കാര്യം പ്രഫുൽ പട്ടേൽ സംസ്ഥാന അധ്യകഷനെ അറിയിച്ചത്.